Monday, October 5, 2009

കടലിനക്കരെ പോണോരേ... (അഞ്ച്)


അറബികള്‍ അള്ളാഹുവിനെ യാ അള്ളാ യാ റബ് എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ടോ? എത്ര ഭക്തിയോടെയാണവരതു വിളിക്കുന്നതെന്നറിയുമോ. അര്‍ത്ഥമറിയാതെ അനന്തതയിലേക്കു നോക്കി എത്രയോ പ്രാവശ്യം ഹൃദയവേദനയോടെ അവനെ ഞാന്‍ വിളിച്ചിരുന്നു യാ അള്ളാഹ് യാ റബ്ബ്... എനിക്കുറപ്പുണ്ട് എന്‍റെ ഓരോ വിളിയുമവന്‍ കേട്ടിരുന്നു. അപ്പോഴെല്ലാം ഞാനവന്‍റെ തലോടല്‍ അനുഭവിച്ചിരുന്നു, കരുണാര്‍ദ്രമായ അവന്‍റെ നോട്ടം എന്നില്‍ പതിഞ്ഞിരുന്നു. സത്യം. കാരണം അവനെന്നെ നോക്കാതിരിക്കാനാവില്ലായിരുന്നു...

അയാള്‍ അങ്ങനെയാണ്. വാക്കിലും പ്രവൃത്തിയിലുമെല്ലാം തന്‍റെ സര്‍വ്വാധിപത്യം പ്രകടമാക്കി മാത്രമേ സംസാരിക്കൂ. മാഡവും. സംസാരങ്ങളെല്ലാം ആജ്ഞാരൂപത്തില്‍ മാത്രം. ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങള്‍ക്കെല്ലാം അതൊരു ശീലമായിക്കഴിഞ്ഞിരുന്നു.

ഞങ്ങള്‍ എഴുന്നേറ്റു തിരിഞ്ഞു നിന്നു. അയാള്‍ അവിടെയുണ്ടായിരുന്ന വര്‍ക്ക് സ്റ്റേഷന്‍റെ മുകളില്‍ ചാരി നിന്നു. അടുത്തു തന്നെ മാഡവും. എന്നിട്ടയാള്‍ കയ്യിലുണ്ടായിരുന്ന പേപ്പര്‍ നിവര്‍ത്തി ഞങ്ങള്‍ക്കഭിമുഖമായി തിരിച്ചു പിടിച്ച് എന്നോടു ചോദിച്ചു. ഇതു നീയെഴുതിയതാണോ? അതേയെന്നു ഞാന്‍ പറഞ്ഞു. അടുത്തത് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരോടായി ചോദിച്ചു, നിങ്ങളാരെങ്കിലും ഈ കത്തെഴുതാന്‍ ഇവനെ സഹായിക്കുകയോ ഐഡിയ പറഞ്ഞു കൊടുക്കുകയോ ചെയ്തോ? എല്ലാവരും പേടിയോടെ ഇല്ല എന്നു പറഞ്ഞു. അടുത്തതായി ഇതേ ചോദ്യം മാഡത്തിനോടും ആവര്‍ത്തിക്കപ്പെട്ടു. മാഡവും ഇല്ല എന്നു പറഞ്ഞു.

പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതമായി അയാള്‍ പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു. നിനക്കു നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്നു. എന്‍റെ മാനേജര്‍മാരും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്. ഇന്നു മുതല്‍ ഞാന്‍ നിന്നെ ഇവിടുത്തെ മാര്‍ക്കറ്റിംഗ് സെക്ഷനിലേക്കു മാറ്റി നിയമിച്ചിരിക്കുന്നു. നീ ഇനിമുതല്‍ വിഷ്വലൈസര്‍പ്പണിയോടൊപ്പം മാര്‍ക്കറ്റിംഗ് ജോലികളും കൂടെ ചെയ്യണം.

അതൊരു കെണി തന്നെയായിരുന്നു. പുതുതായി ഒരു മാര്‍ക്കറ്റിംഗ് മാനേജരെ നിയമിച്ചാല്‍ അയാളുടെ വിസയുടെ ചിലവുകള്‍, ഉയര്‍ന്ന ശമ്പളം ഇതെല്ലാം കൊടുക്കണം. ഇതാകുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ലാഭം. ശമ്പളത്തിലോ അനുബന്ധ ഘടകങ്ങളിലോ യാതൊരു മാറ്റവുമില്ലാതെ ജോലി ഉപേക്ഷിച്ചു പോയ ഹിന്ദിക്കാരന്‍റെ പോസ്റ്റില്‍ ഫ്രീയായി ഇരിക്കാന്‍ ഒരുത്തനെ കിട്ടിയത് അയാള്‍ക്ക് ലാഭം. എന്നാല്‍ ഇതു കേട്ടതും മാഡത്തിന്‍റെ മുഖമിരുളുന്നതു ഞാന്‍ കണ്ടു. എനിക്കും തീരെ താല്പര്യമില്ലായിരുന്നു. പൊതുവേ തൊഴില്‍‍പരമായി പ്രൊഡക്ഷനില്‍ ജോലിചെയ്യുന്നവരുടെ വര്‍ഗ്ഗശത്രുക്കളാണ് മാര്‍ക്കറ്റിംഗിലുള്ളവര്‍. കാരണം മറ്റൊന്നുമല്ല പ്രൊഡക്ഷനിലുള്ളവരുടെ പ്രത്യേകിച്ചും ക്രിയേറ്റീവ് സെക്ഷനില്‍ ജോലിചെയ്യുന്നവരുടെ തല തിന്നലാണ് അവരുടെ പ്രധാന തൊഴില്‍ എന്നതു തന്നെ. മാര്‍ക്കറ്റിലെ ടെന്‍ഷനുകളും, കസ്റ്റമര്‍ വിളിക്കുന്ന ചീത്തയുടെ ഭാരവുമെല്ലാം അവര്‍ ഇറക്കി വയ്ക്കുന്നത് ഞങ്ങളുടെ തലയിലാണ്. എല്ലാ കമ്പനികളിലും ഇതാണവസ്ഥ. അവരെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ജോലിയുടെ വിശിഷ്യാ മീഡിയ ഇന്‍ഡസ്ട്രിയിലെ ജോലിയുടെ പ്രത്യേകതയാണിത്. ഇപ്പോള്‍ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത രണ്ടു ജോലികള്‍ ഞാന്‍ ഒറ്റക്കു ചെയ്യേണ്ടിയിരിക്കുന്നു. എങ്കിലും പുറത്തിറങ്ങുകയും മനുഷ്യരോട് ഇടപഴകുകയും ചെയ്യാമല്ലോ എന്നൊരാശ്വാസം എനിക്കുണ്ടായി.

സ്വന്തമായി ഒരു പ്രോസ്പെക്ടസോ ബ്രൌഷറോ പോലുമില്ലാത്ത കമ്പനി. ഇല്ലെങ്കില്‍ വേണ്ട അന്തസ്സോടെ നാലുപേരോടു പറയാന്‍ കൊള്ളുന്ന ഒരു സേവനചരിത്രമെങ്കിലുമുണ്ടെങ്കില്‍ വേണ്ടില്ല. അതുമില്ല. ഈ കമ്പനിയുടെ മീഡിയ മാര്‍ക്കറ്റിംഗ് ആണ് ഞാന്‍ ചെയ്യേണ്ടത്. സ്വന്തമായി കുത്തിയിരുന്ന് കമ്പനിയുടെ ഇല്ലാത്ത ചരിത്രവും, ഭൂമിശാസ്ത്രവുമെല്ലാമെഴുതി ഒരു ബ്രൌഷര്‍ ഡിസൈന്‍ ചെയ്തെടുത്തു. വൈകുന്നേരങ്ങളില്‍ ഇങ്ക് ജെറ്റ് പ്രിന്‍ററില്‍ പ്രിന്‍റ് ചെയ്ത് പശ തേച്ച് ഒട്ടിച്ച ബ്രൌഷറുമായാണ് അന്തസ്സുള്ള കമ്പനികളുടെ വര്‍ക്ക് പിടിക്കാന്‍ ചെന്നു കയറുന്നത്. ഒരു പ്രൊഫഷണലിനെ സംബന്ധിച്ചിടത്തോളം ഉടുതുണിയില്ലാതെ ഒരു കല്യാണവീട്ടില്‍ പോകുന്നതിന് ഇതിലും അന്തസ്സുണ്ടാവും.

ഇനിയഥവാ പോയി ഒരു വര്‍ക്ക് എന്‍‍ക്വയറിയുമായി വന്നാല്‍ സ്വന്തം കമ്പനിയില്‍ നിന്നും ഏതെങ്കിലും അര്‍ത്ഥത്തില്‍ ഒരു സഹായം ചെയ്യണമല്ലോ. അതുമില്ല. കോസ്റ്റിംഗ് അറിയാവുന്ന ഏക വ്യക്തി മാഡം മാത്രം. ചോദിച്ചാല്‍ കൃത്യമായി പറയില്ല. അതുമല്ലെങ്കില്‍ സമയത്തിനു തരില്ല. ഇനി ഇതൊന്നുമല്ല കിട്ടിയാല്‍ തന്നെയും പ്രയോജനവും ഉണ്ടാകില്ല. കാരണം കൊണ്ടുവരുന്ന ജോലിക്ക് ലോകത്തെങ്ങുമില്ലാത്ത കോസ്റ്റിംഗ് ഇട്ടു തരും. ഒരു ഇടത്തരം ട്രേഡിംഗ് കമ്പനിയില്‍ നിന്നും ഞങ്ങളുമായുള്ള ബിസിനസ്സിന്‍റെ ട്രയല്‍ എന്ന നിലയില്‍ നൂറ്‌ വിസിറ്റിംഗ് കാര്‍ഡുകള്‍ സിങ്കിള്‍ കളറില്‍ അടിച്ചു കൊടുക്കുന്നതിന്‍റെ കൊട്ടേഷന്‍ ചോദിച്ചിടത്ത് മാഡം എന്നോടു പറഞ്ഞ തുക ഇരുപതു റിയാല്‍. എകദേശം രണ്ടായിരം രൂപയ്ക്കു മുകളില്‍!!!. ആ സ്ഥാപനത്തിന്‍റെ പര്‍ച്ചേസ്‌ മാനേജര്‍ എന്നെ തല്ലിയില്ലെന്നേയുള്ളൂ. വളരെയധികം മത്സരം നടക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ ഇത്തരത്തിലൊരു കൊട്ടേഷനുമായി ചെന്നാല്‍ എന്തു പ്രയോജനം? കാരണം മറ്റൊന്നുമല്ല, മാഡത്തിന്‍റെ പേരിലല്ലാതെ മറ്റൊരു ബിസിനസ്സ് അവിടെ ചെന്നു കയറാന്‍ പാടില്ല അത്ര തന്നെ. ആ കസേരയിലിരുന്ന എത്രയെത്ര ബിസിനസ്സ് ഡെവലപ്പ്‌മെന്‍റ് മാനേജര്‍മാര്‍, ഇവന്‍റ് മാനേജര്‍മാര്‍, മീഡിയ മാനേജര്‍മാര്‍... അവരുടെയെല്ലാം കണ്ണീരു വീണുണങ്ങിയ ആ കസേരയില്‍, അവരുടെ എത്രയോ ദീര്‍ഘനിശ്വാസങ്ങള്‍ പ്രതിധ്വനിച്ച ആ ചില്ലുകൂട്ടില്‍ ഞാനും. വെളിയില്‍ നിരനിരയായി നില്‍ക്കുന്ന ഈന്തപ്പനകളെയും, പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഗതിവേഗവും നോക്കി അനുനിമിഷം ഇടിഞ്ഞു കൊണ്ടിരിക്കുന്ന മനസ്സ് ഒരല്‍‍പ്പം ആശ്വാസത്തിനായി ദാഹിച്ചുകൊണ്ടിരുന്നു.

പാതയോരങ്ങളില്‍ നില്‍ക്കുന്ന ഈന്തപ്പനകളില്‍ നിന്നും എത്രവേണമെങ്കിലും പറിച്ചു തിന്നുവാന്‍ ഉദാരമതിയായ ഭരണാധികാരി പ്രജകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ കുലയോടെ വെട്ടുന്നത് നിയമവിരുദ്ധമാണ്. എത്രയോ തവണ ഈന്തപ്പനങ്കുല കട്ടു മുറിക്കുവാന്‍ മാഡം ഞങ്ങളെ ഉപയോഗിച്ചിരിക്കുന്നു. കുല കണക്കിന് ഈന്തപ്പഴം നാട്ടില്‍ കൊടുത്തയക്കാന്‍. ഒരിക്കല്‍ ഇങ്ങനെ കട്ടുമുറിക്കാന്‍ ചെന്ന് അവരുടെ കണ്ണില്‍ പനയോലയുടെ കൂര്‍ത്ത തുമ്പു കൊള്ളുകയും ചെയ്തതാണ്. എന്നാല്‍ ഇതൊന്നും കമ്പനിയില്‍ മുതലാളി അറിയാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു പക്ഷേ ടൈ കെട്ടിയ മോഷ്ടാവിനെ ഈ രാജ്യത്തിന് സമ്മാനിച്ച ആദ്യത്തെ വ്യക്തിയാവും അവര്‍. അപ്പോഴെല്ലാം ഭീഷണികള്‍ക്കു വഴങ്ങിയും, നിര്‍ബന്ധപൂര്‍വ്വവും ചെയ്യേണ്ടി വരുന്ന ആ പ്രവൃത്തിയുടെ പേരില്‍ മനസ്സു കൊണ്ട് ആ രാജ്യത്തെ നല്ലവനായ സുല്‍ത്താനോടും, നിഷ്കളങ്കരായ ഓരോ പ്രജകളോടും സര്‍വ്വോപരി എല്ലാത്തിനും സാക്ഷിയായി, എല്ലാമറിഞ്ഞു വിരാജിക്കുന്ന അള്ളാഹുവിനോടും ഇവന്‍ അനന്തമായി മാപ്പപേക്ഷിച്ചിരുന്നു.

പുതുതായി കിട്ടിയ ജോലി അനന്തമായ ദുരിതത്തിലേക്കാണ് എന്നെ നയിച്ചത്. ആ ദിവസങ്ങള്‍ ഇന്നും ഭീതിയുടേയും വേദനയുടേയും ഓര്‍മ്മകള്‍ മാത്രമാണ് മനസ്സില്‍ പകരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത എന്നെ കമ്പനിയുടെ ഡ്രൈവര്‍ എല്ലാ ദിവസവും രാവിലെ ഓരോ ഇടങ്ങളില്‍ കൊണ്ടു ചെന്നിറക്കും. ജൂണ്‍ ജൂലായ് മാസങ്ങളിലെ തിളക്കുന്ന വെയില്‍ പകയോടെ മണ്ണിലേക്കു പതിക്കുന്നു. കയ്യില്‍ കോര്‍പ്പറേറ്റ് ഗിഫ്റ്റുകളുടെ ഭാരമുള്ള പെട്ടിയും തൂക്കി ഇവന്‍ പകലുകള്‍ മുഴുവന്‍ അലഞ്ഞു. പല പല കമ്പനികളില്‍ കയറിയിറങ്ങി. ചിലയിടങ്ങളില്‍ നിന്നും ലോകത്തെങ്ങുമില്ലാത്ത കൊട്ടേഷനുകള്‍ക്കെതിരെ പുച്ഛവും, പരിഹാസവും നിറഞ്ഞ പ്രതികരണങ്ങള്‍, ചിലയിടങ്ങളില്‍ നിസ്സഹായതയുടെ ചിരി, ഇനിയും ചിലയിടങ്ങളില്‍ അനുഭാവപൂര്‍വ്വമുള്ള അന്വേഷണങ്ങള്‍, മറ്റു ചിലയിടങ്ങളില്‍ മറ്റൊരു ദിവസത്തേക്കുള്ള അപ്പോയിന്‍‍മെന്‍റ് പല ദിവസങ്ങളിലും ഉച്ചയാകുമ്പോള്‍ റോഡരുകില്‍ എവിടെയെങ്കിലും തളര്‍ന്നു വീണ് എന്നെന്നേക്കുമായി ഈ ജീവിതം പൊലിഞ്ഞു പോകുമെന്നു തോന്നിയിട്ടുണ്ട്. കൈകാലുകള്‍ കഴച്ചു തളര്‍ന്ന്, തൊണ്ട വരണ്ട് നെഞ്ചിടിപ്പിന്‍റെ താളം മരണമണിയുടെ മുഴക്കത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കര്‍ണ്ണപുടങ്ങളില്‍ പടര്‍ന്ന്... മരണത്തെ ഒരു സഹയാത്രികനെന്നപോലെ ആ കാലങ്ങളില്‍ ഞാന്‍ സ്നേഹിച്ചുതുടങ്ങിയിരുന്നു. അപ്പോഴും ദൂരെ ദൂരെ നിന്നും ഈ ഏകപുത്രനായി നാമം ജപിക്കുന്ന ഇവന്‍റെ അമ്മയുടെ കണ്ണുനീര്‍തീര്‍ത്ഥത്തില്‍ പവിത്രീകൃതമായ വ്രതശുദ്ധിയോ, അതോ ആരുമില്ലാത്തവര്‍ക്ക് എല്ലാമായി വിരാജിക്കുന്ന പരമകാരുണികനായ അള്ളാഹുവിന്‍റെ, ഇല്ല എന്‍റെ മണ്ണില്‍ നിന്നെ ഞാന്‍ വീഴാതെ കാക്കുമെന്ന വാഗ്ദാനമോ എന്താണെന്നറിയില്ല എന്നെ താങ്ങി നടത്തിയിരുന്നു. മസ്കറ്റ് സിറ്റിയുടെ ഹൃദയഭാഗത്ത് ഇവന്‍ കാലുകള്‍കൊണ്ടളക്കാന്‍ ഒരു പക്ഷേ ഇനിയും സ്ഥലങ്ങള്‍ ബാക്കിയുണ്ടാവില്ല. ഇതിനിടയില്‍ ആരോരുമറിയാതെ ചിലയിടങ്ങളില്‍ ബയോഡാറ്റ കൊടുക്കാനും എനിക്കു സാധിച്ചു.

അന്നൊരു ദിവസം എന്നെ ഒമാനിലേക്കു കയറ്റി അയച്ച ഏജന്‍റിന്‍റെ അച്ഛന്‍ ജോലി ചെയ്യുന്ന കമ്പനി വഴിക്കായിരുന്നു എനിക്കു പോകേണ്ടിയിരുന്നത്. നടന്നു നടന്ന് ആ കമ്പനിയെത്തിയപ്പോഴേക്കും ഞാന്‍ നന്നേ തളര്‍ന്നിരുന്നു. കമ്പനിയെത്തിയപ്പോള്‍ വെറുതേ അദ്ദേഹത്തെ ഒന്നു കാണാമെന്നു കരുതി. അദ്ദേഹം എന്നെ കണ്ടപാടേ വളരെയധികം വിഷമത്തോടെ എന്നോടു പറഞ്ഞു. നിന്നെ ഈയവസ്ഥയില്‍ കാണാനല്ല തീര്‍ച്ചയായും ഞാന്‍ ആശിച്ചത്. ഇതിനല്ല നീയിവിടെ വന്നതും. അദ്ദേഹം എന്നെ കുറേ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. അധികസമയം എനിക്കവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. പുറത്തിറങ്ങി ഓരോ നിമിഷത്തിലും എവിടെയൊക്കെ, എന്തൊക്കെ ചെയ്തു എന്ന് എന്‍റെ കമ്പനിയില്‍ കണക്കു ബോധിപ്പിക്കേണ്ടതാണ്. അതുകൊണ്ട്‌ അവിടെ നിന്നും അപ്പോള്‍ തന്നെ മടങ്ങി. അദ്ദേഹം പലപ്രാവശ്യം എന്നെയും കൂട്ടി കടല്‍ക്കരയില്‍ പോവുകയും എനിക്കു ഭക്ഷണം വാങ്ങി തരികയും ചെയ്തു. എന്തോ വലിയ ഒരു ആശ്വാസമായി എനിക്കതനുഭവപ്പെട്ടു.

വ്യര്‍ത്ഥമായ ഈ സഞ്ചാരം മൂന്നുമാസങ്ങള്‍ക്കു ശേഷവും തുടര്‍ന്നു. പല ദിവസങ്ങളിലും ഉച്ച സമയങ്ങളില്‍ മൂക്കില്‍ നിന്നും രക്തമയം തുടച്ചെടുത്ത് ഇവന്‍ സമാധാനിക്കുകയാണുണ്ടായത്. കാരണം അതു കാണുമ്പോഴെങ്കിലും ഇവന്‍റെ ശരീരത്തില്‍ വെയില്‍ വറ്റിച്ചു കളയാതെ ഇനിയും രക്തം ബാക്കിനില്‍ക്കുന്നു എന്ന അറിവ്‌ ആശങ്കയല്ലായിരുന്നു പകരം ആശ്വാസമായിരുന്നു തന്നിരുന്നത്.

എന്നെയറിയുന്ന എന്‍റെ സുഹൃത്തുക്കളെല്ലാം എന്‍റെ ഈ ശോചനീയാവസ്ഥയില്‍ അത്യന്തം രോഷാകുലരും, ദുഃഖിതരുമായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഒരു ചോദ്യം ഉന്നയിക്കാന്‍ പോലും കഴിയുന്നതിനുമപ്പുറം വളര്‍ന്നു നില്‍ക്കുന്ന ബിസിനസ്‌ ഭീമനായിരുന്നു ഞങ്ങളുടെ മുതലാളി. പണം കൊണ്ടും സ്വാധീനം കൊണ്ടും എംബസികളിലും, മറ്റ് ഉന്നതരുമായെല്ലാം അയാള്‍ ഉണ്ടാക്കിയിരുന്ന ബന്ധങ്ങളും അതിന്‍റെ ആഴവും ദൃഢതയും ഞങ്ങള്‍ക്ക് അറിവുള്ളതായിരുന്നില്ല. ഒരു പരാതിയുമായി എംബസ്സിയിലോ മറ്റോ പോകാമെന്നു വച്ചാല്‍ പോലും അതിന്‍റെ വാതില്‍ കടക്കുന്നതിനു മുന്‍പേ അയാള്‍ അറിയുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു. ഇനിയഥവാ അവിടെനിന്നും ഒരു തീരുമാനമുണ്ടായി വരുന്നതു വരെയുള്ള കാലതാമസം ഒരിക്കലും ഊരാന്‍ കഴിയാത്ത കുടുക്കുകളില്‍ കുരുക്കിയിടാന്‍ അയാളെ സംബന്ധിച്ചിടത്തോളം ധാരാളമായിരിക്കും. അതുകൊണ്ടു തന്നെ എംബസിയുടെ നേരേ ഒന്നു നോക്കാന്‍ പോലും പല പ്രാവശ്യം അതു വഴി കടന്നു പോയിട്ടും എനിക്കു ഭയമായിരുന്നു.

ദിവസങ്ങള്‍ കടന്നു പോയി. ഇതിനിടെ അവിടെയുണ്ടായിരുന്ന അക്കൌണ്ട്സ് മാനേജര്‍ അവിടെ നിന്നും രക്ഷപ്പെട്ടു. സ്വന്തം ഭാര്യയുടെ തലയില്‍ ലിഫ്റ്റ് പൊട്ടി വീണു മരണാസന്നയായി കിടക്കുന്നു എന്നു പറഞ്ഞാണയാള്‍ എമര്‍ജന്‍സി ലീവിനു പോയത്. ആ അവസ്ഥയിലും അയാളുടെ കയ്യില്‍ നിന്നും വലിയ ഒരു തുക സെക്യൂരിറ്റിയായി വാങ്ങിയിട്ടാണ് അയാള്‍ വിട്ടയച്ചത്. ആ പണവും ഉപേക്ഷിച്ച് അയാള്‍ പോയി. പിന്നീടു കുറേയേറെ തിരിച്ചു വിളീച്ചിട്ടും അയാള്‍ വന്നില്ല. ഇതിനിടയില്‍ അവിടുത്തെ ഡ്രൈവര്‍ ഒരു പഞ്ചാബി ലീവിനു പോയിരുന്നവന്‍ തിരികെയെത്തി. എട്ടു വര്‍ഷം അതേ കമ്പനിയില്‍ തുടര്‍ച്ചയായി ജോലി ചെയ്തെങ്കില്‍ അവന്‍ എത്ര വലിയ കള്ളനായിരിക്കണം എന്ന് ഊഹിച്ചു നോക്കൂ. തിരിമുറിഞ്ഞ കള്ളന്‍ എന്ന വാക്കിനു കയ്യും കാലും വച്ചു പിടിപ്പിച്ച് ദൈവം തമ്പുരാന്‍ സൃഷ്ടിച്ച ഒരുവനായിരുന്നു അവന്‍. അവനെ മാഡത്തിനു പോലും പേടിയായിരുന്നു. അവന്‍ അവിടെ നിന്നും ഏതാനും മാസങ്ങള്‍ക്കുള്ളീല്‍ ജോലി ഉപേക്ഷിച്ചു പോവുകയുണ്ടായി. അവന്‍ പോയതാകട്ടെ അവന്‍റെ അമ്മ മരിച്ചു പോയെന്നു കള്ളം പറഞ്ഞ്‌. ഒന്നാലോചിച്ചു നോക്കൂ, ഈ ലോകത്തില്‍ ഏതെങ്കിലും ഒരു മനുഷ്യജീവിയുടെ നാവില്‍ വഴങ്ങുന്ന ഒരു കള്ളമാണോ അത്?.

ആ കമ്പനിക്ക് മറ്റൊരു കീഴ്വഴക്കമുണ്ട്. ലീവിനോ, ക്യാന്‍സല്‍ ചെയ്തോ നാട്ടില്‍ പോകുന്നവരെല്ലാം തങ്ങളുടെ ബാഗും സാധനങ്ങളുമായി കമ്പനി മെസ്സിലോ, അടുക്കളയിലോ ചെല്ലണം. അവിടത്തെ ഏതെങ്കിലും ഒരു ഹിന്ദിക്കാരന്‍ മാനേജര്‍ വന്ന് അടുക്കി വച്ചിരിക്കുന്ന ഈ ബാഗിലെ സാധനങ്ങളെല്ലാം നിലത്തു കുടഞ്ഞിട്ടു പരിശോധിക്കും. നാളീതുവരെയായിട്ടും ഈ പച്ചയായ മനുഷ്യാവകാശധ്വംസനത്തിനെതിരേ സ്വരമുയര്‍ത്താന്‍ ആരുമുണ്ടായിട്ടില്ല. (എന്നാല്‍ ഞാന്‍ നിശ്ശബ്ദമായതിനെ വെല്ലുവിളിച്ചു. അവര്‍ക്കെന്‍റെ ബാഗ് കുടഞ്ഞിട്ടു പരിശോധിക്കുവാന്‍ കഴിഞ്ഞില്ല. അതെങ്ങനെയെന്ന് ഞാന്‍ പിന്നീടു പറഞ്ഞു തരാം) അങ്ങനെ മരണത്തിന്‍റെ പേരും പറഞ്ഞ് നാട്ടില്‍ പോകാന്‍ ഇറങ്ങിയ അവന്‍റെ ബാഗു കുടഞ്ഞിട്ടു പരിശോധിച്ചപ്പോള്‍ അതില്‍ അന്നത്തെ ബില്ലില്‍ വാങ്ങിയ സ്വര്‍ണ്ണവും, പട്ടുസാരിയും മറ്റും. പക്ഷേ അപ്പോഴേക്കും അവന്‍റെ സെറ്റില്‍മെന്‍റുകളെല്ലാം തീര്‍ത്ത് പേപ്പറുകളെല്ലാം നീങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ അവര്‍ക്ക് അവനെ ഒന്നും ചെയ്യാനായില്ല.

അവസാനം നരകയാതന ഒറ്റക്കനുഭവിക്കേണ്ട അവസ്ഥയായി എനിക്ക്. എന്നെ എന്നെന്നേക്കുമായി അവിടെ പിടിച്ചു നിര്‍ത്തുവാനുള്ള പദ്ധതിയേക്കുറിച്ചായി അവരുടെ ആലോചന.

7 comments:

സേതുലക്ഷ്മി said...

ഇത്തവണത്തെ വിവരണം എന്തുകൊണ്ടോ ഡള്‍ (dull) ആയിപ്പോയി. സാരമില്ല, അടുത്ത ലക്കം നന്നാക്കിയാല്‍ മതി.

Rakesh R (വേദവ്യാസൻ) said...

വായിക്കുന്നുണ്ട് തുടരൂ :)

നീര്‍വിളാകന്‍ said...

എന്റെ മാഷെ നിങ്ങളുടെ എഴുത്ത് ആദ്യ ഭാഗങ്ങള്‍ വായിച്ചു വന്നപ്പോള്‍ സഹതാപവും, അനുകമ്പയും ഉണ്ടായിരുന്നു.... പക്ഷെ അഞ്ചു ഭാഗങ്ങള്‍ വായിച്ചു കഴിയുന്ന ഈ അവസരത്തില്‍ എന്റെ മനസ്സില്‍ തോന്നുന്നത് ഇത് ഏകപക്ഷീയമായ എഴുത്താണെന്നാണ്.... കാരണം അവസരത്തിലും അനവസരത്തിലും നിങ്ങള്‍ ദൈവത്തിന്റെ നാമം ഉപയൊഗിക്കുന്നു... നിങ്ങള്‍ ഒരു പക്ഷെ അനുഭവിച്ചതാവാം... പക്ഷെ ഞാന്‍ കഴിഞ്ഞ 13 വര്‍ഷമായി ഗല്‍ഫില്‍ കഴിയ്ന്നവനാണ്... ഈ അവസരത്തില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്ന 100 കണക്കിന് കമ്പനികളും, സ്ഥാപനങ്ങളും, വ്യക്തികളേയും പരിചയപ്പെട്ടിട്ടുണ്ട്.... ഇത്രയും തീവ്രമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന ഒരുവന്‍ അവന്‍ എത്ര വലിയവനാണെങ്കിലും ഒരു പരിധിക്കപ്പുറം പിടിച്ചു നില്‍ക്കാന്‍ ഒക്കില്ല എന്ന തിരിച്ചറിവാണ് എന്നെ ഇതെഴുതിപ്പിക്കുന്നത്.... അതെ പോലെ സൌദിയിലും വഴിയില്‍ നില്‍ക്കുന്ന ഈന്തപ്പഴങ്ങള്‍ പറിക്കന്‍ അനുവദം ഉണ്ട്.... സിവില്‍ എഞ്ചിനീയറായ ഞാന്‍ എന്റെ ബോസിനു വേണ്ടി അവ പറിച്ചിട്ടും ഉണ്ട്.... ഞാനും അവ പറിച്ച് നാട്ടില്‍ കൊണ്ടു പോയിട്ടുണ്ട്... ഞാന്‍ എന്റെ ബ്ബോസിന് ചായ ഇട്ടു കൊടുത്തിട്ടുണ്ട്..... അവയൊക്കെ വിവരിച്ചു കാട്ടി മറ്റുള്ളവരുടെ സഹതാപം നേടിയെടുക്കുന്ന ഈ വേല അല്‍പ്പം കടന്നതാനെന്ന് എഴുതുന്നതില്‍ എനിക്ക് വിഷമമുണ്ട്... എന്തായാലും അടുത്ത ഭാഗം വരട്ടെ....

അഭിപ്രായം എഴുതിയതിന് വിഷമം തോന്നരുത്... എന്റെ രീതി അതാണ് ... പറയാനുള്ളവയെ പാറയേണ്ടപ്പോള്‍ പാറയുക... താങ്കള്‍ക്ക് വിഷമമ്മയെങ്കില്‍ ക്ഷമ ചൊദിക്കുന്നു.

കാവാലം ജയകൃഷ്ണന്‍ said...

പ്രിയ നീര്‍വിളാകന്‍,

അഭിപ്രായങ്ങളോട്‌ ഞാന്‍ ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിക്കാറില്ല എന്ന് ആദ്യമേ പറയട്ടെ.

മറ്റൊന്നുള്ളത്, ഈ ഭാഗത്തിലും കഴിഞ്ഞ ഭാഗത്തിലുമായുള്ള താങ്കളുടെ കമന്‍റുകള്‍ ശ്രദ്ധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പറയട്ടെ. തീര്‍ച്ചയായും എനിക്ക് ഒരു ശതമാനം പോലും (ആരുടെയും) സഹതാപം ആവശ്യമില്ല. അന്നും പ്രത്യേകിച്ച് ഇന്ന് അല്പം പോലും. ഇത് എന്‍റെ സ്വന്തം അനുഭവമായി തന്നെ എഴുതുന്നതിന്‍റെ ഒരേയൊരു കാരണം ഇത് വെറുമൊരു കഥയായി കണ്ട്‌ ജനം തള്ളിക്കളയാതെയിരിക്കുക എന്നതു മാത്രമാണ്. അല്ലാത സഹതാപങ്ങള്‍ വാരിക്കൂട്ടിയതുകൊണ്ട് സ്വയം അവജ്ഞയും, ആത്മവിശ്വാസം നഷ്ടപ്പെടുകയും മാത്രമേ ചെയ്യൂ എന്ന സത്യം അംഗീകരിച്ചു ജീവിക്കുന്ന ഒരാളാണ് ഞാന്‍.

ഒന്നിലധികം സിവില്‍-മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ എനിക്ക് സബോര്‍ഡിനേറ്റ്സായി ജോലി ചെയ്യുന്നുണ്ട് എന്നത് എന്‍റെ കേമത്തമല്ല. എന്‍റെ ആദ്യത്തെ ബോസിനും അദേഹത്തിന്‍റെ ഭാര്യക്കും (ഞങ്ങളുടെ അന്നത്തെ ഓപ്പറേഷന്‍സ്‌ ഹെഡ്‌) രാവിലെ ഓഫീസില്‍ വന്നാല്‍ എന്‍റെ കൈ കൊണ്ട് ഒരു കപ്പ് കാപ്പി നിര്‍ബന്ധമായിരുന്നു എന്ന് ഇന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ഏതോ ഒരു ഓര്‍മ്മക്കുറിപ്പില്‍ ഞാനതു പറയുകയും ചെയ്തിട്ടുണ്ട്.

ആവര്‍ത്തിക്കട്ടെ, സഹതാപം, അനുകമ്പ എന്നീ വാക്കുകള്‍ ആത്മാഭിമാനമുള്ള ഒരു പുരുഷനെ അപമാനിക്കുവാന്‍ പര്യാപ്തമായ പദങ്ങളാണെന്ന് മാത്രം വിശ്വസിക്കുന്നതുകൊണ്ടാണ് ജീവിതത്തിന്‍റെ പ്രതിസന്ധികളില്‍ ഞാന്‍ ചിരിച്ചു കൊണ്ട് ജീവിച്ചിട്ടുള്ളതും, ജീവിക്കുന്നതും. ദയവായി ആ പ്രയോഗത്തില്‍ നിന്നും പിന്‍‍വാങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

താങ്കള്‍ പറഞ്ഞതുപോലെ തന്നെ മനുഷ്യാവകാശലംഖനം നടത്തുന്ന എല്ലാവര്‍ക്കും ഇന്നല്ലെങ്കില്‍ നാളെ ഒരു പതനം ഉണ്ടാകുമെന്നതില്‍ സംശയമില്ല.

ഇനിയുള്ളതു ദൈവത്തിന്‍റെ കാര്യം. ഞാന്‍ നൂറുശതമാനം ദൈവത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന ഒരാളാണ്. എന്‍റെ ഓരോ പ്രവൃത്തിയിലും, ചിന്തയിലുമെന്നതു പോലെ എഴുത്തിലും ആ പ്രയോഗം കടന്നു വരുന്നത് സ്വാഭാവികം. വിശേഷിച്ചും എഴുതുന്നത് സ്വന്തം അനുഭവമാണെങ്കില്‍.പിന്നെ ഒരു ഹിന്ദുവായ ഞാന്‍ അള്ളാഹുവിനെ പരാമര്‍ശിച്ചതാണ്‍് പ്രശ്നമെങ്കില്‍ ക്ഷമിക്കണം എനിക്കെല്ലാം ഒന്നാണ്. അല്ലെങ്കില്‍ എന്‍റെ ദൈവത്തിന് ഒന്നിലധികം പേരുകളുണ്ട്.

ബോസിനു വേണ്ടിയെനല്ല, വഴിയേ പോകുന്ന ഒരു സാധാരണക്കാരനു വേണ്ടിയോ ശത്രുവിനു വേണ്ടിയോ ആണെങ്കില്‍ പോലും നമ്മളാല്‍ ആവുന്ന സേവനം ചെയ്യുക എന്നത് മനുഷ്യന്‍റെ ഒരു നല്ല സ്വഭാവമൂല്യമായി പരിഗണിക്കുന്നു. (ഇന്നത്തെ നമ്മുടെ സമൂഹം അതംഗീകരിച്ചില്ലെങ്കില്‍ പോലും) എന്നാല്‍ നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുമ്പോള്‍, ഇഷ്ടമില്ലാതെ അതു ചെയ്യേണ്ടി വരുമ്പോള്‍ നമുക്കതിന്‍റെ വേദന മനസ്സിലാകും. അതു മാത്രവുമല്ല പിടിക്കപ്പെട്ടാക് കുറ്റവാളിയാകുന്നത് നാം മാത്രമായിരിക്കുമെന്നു മാത്രമല്ല, അവരിത് അറിഞ്ഞിട്ടു പോലുമില്ല എന്നു പറയും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.

ഇവിടെ നമ്മുടെ ഡിഗിനിറ്റി-അന്തസ്സ് എന്നൊക്കെ പറയുന്ന സാധനത്തിന്‍റെ പ്രശ്നമല്ല.

ഇതിവിടെ കുറിച്ചിടുന്നതിന്‍റെ പ്രധാന കാരണം, ഗള്‍ഫ് എന്ന പ്രവിശ്യയേക്കുറിച്ച് നാട്ടിലിരിക്കുന്നവര്‍ക്കോ, ഇങ്ങോട്ടു വരാന്‍ ആഗ്രഹിക്കുന്നവരോ ആയ - ഈ ബ്ലോഗ് വായിക്കുന്ന- കുറച്ചു പേരുണ്ടെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പ്രയോജനമോ മുന്‍‍ധാരണയോ കിട്ടുന്നെങ്കില്‍ അതൊരു ഉപകാരമാകുമല്ലോ എന്നു കരുതി മാത്രമാണ്. ഇവിടെ ഞാന്‍ എന്ന വ്യക്തിയല്ല. എന്നെപ്പോളെ നിരവധി പേര്‍. ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയല്ല- അതു പോലെ നിരവധി കമ്പനികള്‍, എന്നെ കയറ്റി വിട്ട ഏജന്‍റ് അല്ല അയാളെ പോലെ നിരവധി പേര്‍.

തുറന്നു സം‌വദിക്കുക എന്നത് എന്‍റെയും ശീലമാണ്. ഏതു കാര്യത്തിലും തുറന്നുള്ള സമീപനം സ്വാഗതം ചെയ്യുന്നു.

Ashly said...

തുടരൂ. കാത്തിരിക്കുന്നു, ബാകി വായിക്കാന്‍.

നീര്‍വിളാകന്‍ said...

വാദങ്ങള്‍ എന്തൊക്കെ ആയാലും എനിക്ക് അത്ര ഡയജസ്റ്റ് ആകുന്നില്ല ജയകൃഷ്ണന്‍!!!

കാവാലം ജയകൃഷ്ണന്‍ said...

ഇതില്‍ വാദങ്ങളൊന്നുമില്ല സുഹൃത്തേ. കേവലം ഒരു ചെറിയ കാലഘട്ടത്തിന്‍റെ നേര്‍ക്കാഴ്ച മാത്രം. വെള്ളം ചേര്‍ക്കാതെ. വാദങ്ങള്‍ ഉണ്ടാവുന്നത് എന്തെങ്കിലും ലാഭേച്ഛയുണ്ടാകുമ്പോള്‍ മാത്രമാണ്. അതില്ലാത്തിടത്ത് വാദങ്ങള്‍ കൊണ്ടെന്തു പ്രയോജനം?

ഡയജസ്റ്റ് ആകാത്തത് മറ്റൊന്നും കൊണ്ടല്ല, ഒരു മനുഷ്യന് സങ്കല്‍‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളായതുകൊണ്ടാണ്. നേരിട്ടനുഭവമില്ലെങ്കില്‍ ഞാനും ഇത്തരമൊരു വെളിപ്പെടുത്തലിനെ (അതിന്‍റെ യുക്തിയെ) ശക്തിയുക്തം വിമര്‍ശിച്ചേനേ...