Sunday, October 4, 2009

കടലിനക്കരെ പോണോരേ (നാല്)


സ്നേഹത്തിന്‍റെ, പരിഭവങ്ങളുടെ, പച്ചപ്പിന്‍റെ, കായലുകളുടെയും, നെല്‍‍വയലുകളുടെയുമൊക്കെ തുരുത്തു വിട്ട് കാതങ്ങള്‍ താണ്ടി ഓരോ പ്രവാസിയും ഗള്‍ഫിലെത്തുന്നത് ഒരു ജീവിതം കെട്ടിപ്പടുക്കുവാനാണ്. തന്നെ സ്നേഹിക്കുന്നവര്‍ക്ക് താങ്ങും തണലുമാകുവാന്‍ എത്രയോ വലിയ ത്യാഗം ചെയ്യുന്നു ഓരോ പ്രവാസിയും. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെ കുടിയേറിയ സ്വന്തം നാട്ടുകാരില്‍ നിന്നു തന്നെ ഏറ്റുവാങ്ങേണ്ടി വരുന്ന വേദന... ആ ഉഷ്ണഭൂമിയില്‍ ഏറ്റവുമധികം മനസ്സിനെ പൊള്ളിക്കുന്നത് അതാണ്. ഒരു നിമിഷം അവരൊന്നു തിരിഞ്ഞു ചിന്തിക്കുന്നില്ലല്ലോ പണ്ടൊരിക്കല്‍ ഞാനും ഇതുപോലെ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കൊതിച്ച് ഇവിടെയെത്തിയതാണെന്ന്. എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മരാണെന്ന് എത്രയോ തവണ സ്കൂള്‍ അസംബ്ലികളില്‍ ആവര്‍ത്തിച്ച അതേ നാവുകൊണ്ടാണല്ലോ ഈശ്വരാ ഇവര്‍ സ്വന്തം ജനതയെത്തന്നെ ദ്വേഷിക്കുന്നതും, പട്ടിയേപ്പോലെ നിന്ദിക്കുന്നതും...

വാസ്തവത്തില്‍ ഈ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഞങ്ങളുടെ മുതലാളിയുടേതല്ല. അയാള്‍ അതിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്രമാണ്. എന്നിരുന്നാലും ഒരു സര്‍വ്വാധികാരിയുടെ ധാര്‍ഷ്ട്യത്തോടെ തനിക്കു കീഴില്‍ പണിയെടുക്കുന്ന സര്‍വ്വരേയും നികൃഷ്ടജീവികളോടെന്നപോലെ കാണുന്നതിനു പിന്നില്‍ എന്തു ചേതോവികാരമാണുള്ളതെന്ന് അറിയില്ല. ഒരു മുസ്ലീം രാജ്യമായ അവിടെ ഇത്രയധികം ഇസ്ലാം വിരോധം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു വ്യക്തിയെയും കണ്ടുകിട്ടാന്‍ കഴിയില്ല. കടല്‍ കടന്ന് ജീവിതമാര്‍ഗ്ഗം തേടി ഇവിടെയെത്തുന്ന ഓരോ ഇഡ്യക്കാരനോടും നിറഞ്ഞ സ്നേഹത്തോടെ പെരുമാറുന്ന ഒമാനികളെ മാത്രമേ ഞാന്‍ ആ രാജ്യത്തു കണ്ടിട്ടുള്ളൂ. ഒമാനൈസേഷന്‍ നിലവിലിരിക്കുന്ന, പുറത്തു നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതിനും, വിസ അനുവദിക്കുന്നതിനും വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ നിലനില്‍ക്കുന്നതിനോടൊപ്പം തദ്ദേശീയരുടെ തൊഴിലുറപ്പിന് ആവശ്യമായ എല്ലാവിധ നിയമസം‍രക്ഷണവും നിലവിലുള്ള രാജ്യത്ത് നിന്നുകൊണ്ട് നോണ്‍ മുസ്ലീംസ്, നോണ്‍ മലയാളീസ് എന്നിങ്ങനെയുള്ള രണ്ട് രഹസ്യ സൂത്രവാക്യങ്ങളിലൂടെയാണ് അദ്ദേഹം തൊഴില്‍ നല്‍കാന്‍ തയ്യാറാകുന്നത്. അതിന്‍റെ പ്രധാന കാരണം മറ്റൊന്നുമല്ല മുസ്ലീങ്ങള്‍ക്ക് നിയമത്തിന്‍റെ സം‍രക്ഷണം എളുപ്പത്തില്‍ ലഭ്യമാകാനുള്ള സാദ്ധ്യതകളുണ്ട്. അവരെ പ്രാര്‍ത്ഥിക്കുവാനും മറ്റും പുറത്തു പോകുന്നതില്‍ നിന്നു വിലക്കിയാല്‍ വിവരമറിയും. എന്നിരുന്നാലും ചുരുക്കം ചില മുസ്ലീങ്ങളെ അയാള്‍ സര്‍ക്കാരിന്‍റെ കണ്ണില്‍ പൊടിയിടാന്‍ ജോലിക്കു നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ ഞാന്‍ ജോലി ചെയ്തിരുന്ന പരസ്യക്കമ്പനി അയാളുടെ സ്വന്തമാണ്. അതുകൊണ്ടു തന്നെ അയാളുടെ കിരാതഭരണത്തിന്‍റെ കാഠിന്യം ഏറ്റവും കൂടിയ അളവില്‍ വന്നു പതിച്ചിരുന്നതും ഞങ്ങളുടെ മേല്‍ തന്നെയായിരുന്നു.

ഞാന്‍ വന്നതിന്‍റെ പിറ്റേ ദിവസം അവിടെ ജോലിക്കു വന്നു ചേര്‍ന്ന മറ്റൊരു ഹിന്ദിക്കാരനുണ്ടായിരുന്നു. അവിടത്തെ മീഡിയ മാനേജര്‍. അവന്‍ അവിടെ ജോയിന്‍ ചെയ്ത അന്നു മുതല്‍ മാഡത്തിന് ഭയമായി. ‘മാനേജര്‍‘ എന്ന പദവിയില്‍ ആരെയും ആ കമ്പനിയില്‍ അവര്‍ വാഴിക്കില്ല എന്നത് ആ സ്ഥാപനത്തിന്‍റെ ചരിത്രമാണ്. ആ ചെറുപ്പക്കാരന്‍ അയാള്‍ക്കു താങ്ങാവുന്നിടത്തോളമായിക്കഴിഞ്ഞപ്പോള്‍ ഞാനിതാ തിരിച്ചു പോകുന്നു എന്നു മുഖത്തു നോക്കി പറഞ്ഞു. യാതൊരു നിയമസാധുതയുമില്ലാതിരുന്നിട്ടും അവനു തിരികെ പോകാനുള്ള ടിക്കറ്റ്, അയാള്‍ക്ക് നഷ്ടപരിഹാരം എന്ന പേരില്‍ ഒരു വലിയ തുക എന്നിവയെല്ലാം അവനില്‍ നിന്നും പിടിച്ചു പറിച്ച് അവനെ കയറ്റി വിട്ടു. മാഡത്തിന്‍റെ സപ്പോര്‍ട്ട് കൂടിയുള്ളതു കൊണ്ട് അവന്‍റെ തിരിച്ചു പോക്ക് എളുപ്പമായി. ഒരു ദിവസം കൊണ്ട് സംഗതി സാധിച്ചു കിട്ടി.

ജീവിതത്തിന്‍റെ ശനിദശ അനുഭവിച്ചു തീര്‍ക്കാനെന്നതു പോലെ പറയുന്ന ജോലികളെല്ലാം അടിമയേപ്പോലെ ചെയ്തു തീര്‍ക്കുന്ന എന്നെ കണ്ടപ്പോള്‍ അയാള്‍ക്കൊരു പൂതി. ഇവനു കൊടുക്കുന്ന ശമ്പളം വെട്ടിക്കുറച്ചാലോ എന്ന്. പഞ്ചപുച്ഛമടക്കി ജീവിക്കുന്ന ഇവന്‍ ഇനി ശമ്പളമേ കൊടുത്തില്ലെങ്കിലും പ്രതികരിക്കാന്‍ പോകുന്നില്ല എന്നയാള്‍ക്കു തോന്നിക്കാണണം.

പിറ്റേദിവസം തന്നെ അയാള്‍ ഓഫീസില്‍ വന്ന് എന്നെ വിളിപ്പിച്ചു. നിനക്കു ജോലിയൊന്നും ചെയ്യാനറിയില്ല. അതുകൊണ്ട് നിനക്കിത്രയും ശമ്പളം തരുന്നത് എനിക്കു നഷ്ടമാണ്. അതുകൊണ്ട് അറുപത്തിയഞ്ചു റിയാലിന് ജോലിയില്‍ തുടര്‍ന്നുകൊള്ളാമെന്ന് എഴുതി എന്‍റെ ഹൈപ്പര്‍മാര്‍ക്കറ്റിലെ അഡ്മിന്‍ മാനേജരെ ഏല്‍‍പ്പിക്കണം എന്ന് ഉത്തരവിട്ടു തിരിച്ചു പോയി. ആ കമ്പനി ഇങ്ങനെയാണ്, എല്ലാം വാക്കുകളിലൂടെയേ പറയൂ. ഒന്നും എഴുതിക്കൊടുക്കില്ല. എന്നാല്‍ നമ്മള്‍ എല്ലാം എഴുതിക്കൊടുക്കണം. ഈ നയത്തില്‍ ഒളിഞ്ഞിരിക്കുന്ന കൊലച്ചതിയും കുതന്ത്രവും എഴുതിക്കൊടുത്തു കഴിയുമ്പോള്‍ അറിയാം. അതല്ലെങ്കില്‍ പുതുതായി ജോലി ചെയ്യാന്‍ വന്ന എന്നെക്കൊണ്ട്‌ എന്തിനായിരുന്നു നാലഞ്ചു വെള്ളക്കടലാസ്സുകളില്‍ ഒപ്പിട്ടു വാങ്ങിയത്?

ഞാന്‍ മാഡത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ എന്നെ നാട്ടില്‍ അയക്കണം എന്ന് തീര്‍ത്തു പറഞ്ഞു. അതു കേട്ടപ്പോള്‍ അവര്‍ക്കു ഭയമായി. ഞാന്‍ നാട്ടില്‍ പോയാല്‍, അവര്‍ ഷോപ്പിങ്ങിനു പോകുമ്പോള്‍ ആരു കൂട്ടു പോകും? ഔദ്യോഗികവും അനൌദ്യോഗികവുമായ യാത്രകളില്‍ പേഴണല്‍ മാനേജരേപ്പോലെ ടൈയ്യും കെട്ടി ആരെ കൂടെ നടത്തും? ആര് ലെറ്ററുകള്‍ ഡ്രാഫ്റ്റ് ചെയ്തു കൊടുക്കും? ആരെ ചീത്തവിളിക്കും? റോബോട്ടിനെപ്പോലെ ഒരുത്തനെ ഇനി എന്നു കിട്ടും? ഇതൊക്കെ കാരണം അവര്‍ എന്നെ പിന്നില്‍ നിന്നു പിന്തുണച്ചു.

ഞാന്‍ വൈകുന്നേരമായപ്പോള്‍ ഒരു കത്ത് ഡ്രാഫ്റ്റ് ചെയ്തെടുത്തു. രണ്ടു പേജോളം വരുന്ന ഒരു കത്ത്. ഇന്ന് ഇത്രമണിയായപ്പോള്‍ സാര്‍ എന്നോട് ഇപ്രകാരം പറഞ്ഞതിന്‍റെ മറുപടിയായി എന്നു പറഞ്ഞു കൊണ്ട് അയാള്‍ എനിക്ക് എഴുതിത്തരേണ്ടിയിരുന്നതും കൂടി എന്‍റെ കത്തില്‍ ഉള്‍പ്പെടുത്തി എഴുതി. അതില്‍, നിങ്ങള്‍ക്ക് എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ശമ്പളം തരാന്‍ കഴിയില്ലെങ്കില്‍ എന്നെ നാട്ടിലയക്കേണ്ട ബാദ്ധ്യതയുണ്ടെന്നും അപ്രകാരം ചെയ്യാതെ എന്നെ നിര്‍ബന്ധപൂര്‍വ്വം പണിയെടുപ്പിക്കുകയാണെങ്കില്‍ അത് തൊഴിലാളിക്കും തൊഴില്‍ ദാതാവിനും ഒരുപോലെ സുരക്ഷയും, സം‍രക്ഷണവും ഉറപ്പുനല്‍കുന്ന ഈ പരിശുദ്ധ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യലാണെന്ന് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഒപ്പം ഞാന്‍ എന്‍റെ പേഴ്സണല്‍ റഫറന്‍സിനായി മെയിന്‍റയിന്‍ ചെയ്തു പോന്നിരുന്ന എന്‍റെ മന്ത്‌ലി ആക്റ്റിവിറ്റി റിപ്പോര്‍ട്ടുകളുടെ ഒരു പകര്‍പ്പും അതിനോടൊപ്പം വച്ചു. ഞാന്‍ അവിടെ ഒരു പണിയും ചെയ്യുന്നില്ല എന്ന അവകാശവാദത്തിന് ഞാന്‍ അവിടെ ഇത്രയും കാലം എന്തൊക്കെ ചെയ്തു എന്ന് മറുപടി കൊടുക്കേണ്ടത് എന്‍റെ ബാദ്ധ്യതയാണല്ലോ. ഹൈപ്പര്‍മാര്‍ക്കറ്റില്‍ ട്രോളി വലിച്ചത്, മാഡത്തിന്‍റെ പേഴ്സണല്‍ ജോലികള്‍ തുടങ്ങിയവ കൂട്ടത്തില്‍ സൂചിപ്പിച്ചില്ല. എങ്കിലും സുല്‍ത്താന്‍ പ്രഘ്യാപിച്ച അവധി ദിവസങ്ങളില്‍ പോലും ഞങ്ങള്‍ ജോലി ചെയ്യുകയായിരുന്നുവെന്നു മാത്രം ഓര്‍മ്മിപ്പിച്ചു. അവസാനം ദൈവനാമത്തില്‍ ആ കത്ത് അവസാനിപ്പിക്കുകയും ചെയ്തു. അയാള്‍ വളരെ വലിയ അന്ധവിശ്വാസിയാണ്. കൂടോത്രം ചെയ്യുമെന്ന് അയാളോടൊന്നു പറഞ്ഞു നോക്കൂ. എന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞയാള്‍ കാലു പിടിക്കും. നിരന്തരം അനീതി മാത്രം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം അയാള്‍ക്ക് ദൈവത്തെ പേടിയാണ്.

ഞാന്‍ അഡ്മിന്‍ മാനേജരുടെ കാബിനില്‍ കടന്നു. നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരനാണ് അഡ്മിന്‍ മാനേജര്‍. അതീവ ഗൌരവത്തോടെ അയാള്‍ കത്തു വാങ്ങി. ഒന്നിരിക്കാന്‍ പോലും പറയാതെ വായിച്ചു തുടങ്ങി. ഞാനാണെങ്കില്‍ അടങ്ങാത്ത ആത്മരോഷം കടിച്ചൊതുക്കി ഒന്നും സംസാരിക്കാന്‍ ഇഷ്ടപ്പെടാതെ സ്വയം ശപിച്ചു നില്‍ക്കുകയാണ്. കത്ത് പകുതി വായിച്ചു കഴിഞ്ഞതിനു ശേഷമാണ് അയാള്‍ മുഖമുയര്‍ത്തി എന്നെ നോക്കുന്നത്. എന്നിട്ടയാളെന്‍റെ വിദ്യാഭ്യാസയോഗ്യത ചോദിച്ചു. ഇരിക്കാന്‍ പറഞ്ഞു. എന്താണു സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ കുന്തം വിഴുങ്ങിയതു മാതിരി അവിടെ തന്നെ ഇരുന്നു. എന്നിട്ടയാള്‍ ഫോണെടുത്ത് ആരെയോ വിളിച്ചു. ഒന്നു രണ്ടു മിനിറ്റിനുള്ളില്‍ അ ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ സോഹാര്‍ ബ്രാഞ്ചിന്‍റെ ഡിവിഷണല്‍ മാനേജര്‍ അകത്തു കയറി വന്നു. രണ്ടു പേരും കൂടി ഹിന്ദിയില്‍ എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. എന്തോ കുഴപ്പം സംഭവിക്കാന്‍ പോകുന്നു എന്നെനിക്കു തോന്നിത്തുടങ്ങി.

കുഴപ്പമൊന്നുമില്ലായിരുന്നു. അവര്‍ക്ക് ആ കത്ത് ഇഷ്ടമായി അത്രേയുള്ളൂ. അഡ്മിന്‍ മാനേജര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ഐ ആം ഇമ്പ്രസ്സ്‌ഡ്. നീ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു. നിനക്ക് വേണമെങ്കില്‍ ഞാന്‍ ഭായിയോടു പറഞ്ഞ് ഇവിടെ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിലോട്ട് മാറ്റിത്തരാം. ഞാന്‍ പറഞ്ഞു എന്‍റെ പൊന്നു സാറേ അങ്ങേര് ദിവസത്തില്‍ ഒരു പ്രാവശ്യം വന്നു പോകുന്നതിന്‍റെ ദുരിതം എനിക്കു താങ്ങാന്‍ കഴിയുന്നില്ല. അപ്പോള്‍ അദ്ദേഹം സ്ഥിരമായിരിക്കുന്ന ഈ ഹെഡോഫീസില്‍ എന്നെ കൊണ്ടിരുത്തുന്നതില്‍ ഭേദം എന്നെയങ്ങു കൊന്നു കളയുന്നതായിരിക്കും. അവര്‍ രണ്ടു പേരും പൊട്ടിച്ചിരിച്ചു. കാരണം എല്ലാ ദിവസവും അവര്‍ അനുഭവിക്കുന്നതാണല്ലോ. രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു ഇവിടെ ആരും നിന്നെ പിന്തുണച്ചില്ലെങ്കിലും ഞങ്ങള്‍ അയാളോടു പോയി സംസാരിക്കും. തീര്‍ച്ചയായും നിനക്കു നീതി ലഭിച്ചിരിക്കും. ധൈര്യമായി പൊയ്ക്കൊള്ളൂ എന്ന്. എന്നാല്‍ അന്നെനിക്കറിയില്ലായിരുന്നു അയാള്‍ ആ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ കേവലം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്രമാണെന്ന്. അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അങ്ങോട്ടേക്കു മാറിയേനേ. അവിടെ അയാള്‍ ഞങ്ങളുടെ കമ്പനിയില്‍ ചെയ്യുന്ന അത്രയും ക്രൂരതകള്‍ ചെയ്യാറില്ല എന്നാണ് അറിയുന്നത്. എങ്കിലും ചൂഷണം അവിടെയും നന്നായി തന്നെയുണ്ട്.

കത്തു കൊടുത്തതിന്‍റെ ഇമ്പാക്ട് എന്താകും എന്നത് ദുരൂഹമാണ്. കാരണം അറുപത്തിയഞ്ചു റിയാലിനു ജോലിചെയ്യാമെന്ന സമ്മത പത്രം ചോദിച്ചിടത്ത് അയാളെ ഉത്തരം മുട്ടിക്കുന്ന, അയാളുടെ ദുരുദ്ദേശ്യത്തിനു വ്യക്തമായും തുരങ്കം വയ്ക്കുന്ന വിസമ്മതപത്രവും ഒപ്പം രാജിക്കത്തുമാണ് കൊടുത്തിരിക്കുന്നത്. അതും പോരാഞ്ഞ് അയാള്‍ രാജ്യതാല്പര്യങ്ങളെയും, രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെയും ചൂഷണം ചെയ്യുന്നു എന്ന സത്യവും വിളിച്ചു പറഞ്ഞിരിക്കുന്നു. ഒരു പക്ഷേ അയാളുടെ ജീവിതത്തില്‍ അയാള്‍ക്കു കിട്ടിയിട്ടുള്ള ഇത്തരത്തിലുള്ള ഒരേയൊരു കത്തായിരുന്നിരിക്കും ഇത്. ഈ കത്തിന്‍റെ വിവരം മാനേജര്‍മാരുടെ ഇടയിലെല്ലാം സംസാരമായി. മരണം കാത്തു കിടക്കുന്നവനേ നോക്കുന്നതു പോലെ സഹതാപത്തോടെ എന്‍റെ സഹപ്രവര്‍ത്തകര്‍ എന്നെ നോക്കാനും, പെരുമാറാനും തുടങ്ങി. വേണ്ടിയിരുന്നില്ല എന്ന് എല്ലാവരും പറഞ്ഞു. നീ അതു ടൈപ്പ് ചെയ്തു കൊടുത്തതിനു വരെ, എന്‍റെ കാശു കൊടുത്തു ഞാന്‍ വാങ്ങി വച്ചിരിക്കുന്ന പേപ്പര്‍, എന്‍റെ പ്രിന്‍റര്‍ എന്നു പറഞ്ഞ് അയാള്‍ ശിക്ഷിക്കും എന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിന്നു കൊണ്ട് എന്‍റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഞാന്‍ കുലുങ്ങിയില്ല. റെയില്‍ വേ പാളത്തില്‍ ചാകാന്‍ തലവച്ചു കിടക്കുന്നവന്‍ ചാറ്റല്‍മഴയത്തു പനിപിടിക്കുമെന്നു ഭയപ്പെടുമോ?

പിറ്റേദിവസം പകല്‍ ഉദ്വേഗത്തിന്‍റേതായിരുന്നു. എന്തായാലും ഇതിനോടകം അയാള്‍ ഓഫീസില്‍ എത്തിയിരിക്കും. കത്തു കിട്ടിയിരിക്കും. അയാളുടെ മനസ്സില്‍ എന്നെ അതി കഠിനമായി ശിക്ഷിക്കാനും എന്‍റെ വായ തുന്നിക്കെട്ടാനുമുള്ള തന്ത്രങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നുണ്ടാകും. ദൈവമേ എന്തിനാണിനിയും നിന്‍റെ പരീക്ഷ...

സന്ധ്യയായി. കറുത്ത ബി എം ഡബ്ല്യു നിശ്ശബ്ദമായെത്തുന്ന മരണത്തേപ്പോലെ കമ്പനിയുടെ മുന്‍പില്‍ ഒടിഞ്ഞു വന്നു നിന്നു. കമ്പനിയുടെ ചില്ലുഭിത്തിയില്‍ അതിന്‍റെ ഹാലൊജന്‍പ്രകാശം മിന്നി മറഞ്ഞു. മനസ്സില്‍ ഭയത്തിന്‍റെ വെള്ളിടി വെട്ടി. എന്‍റെ മനസ്സില്‍ മാത്രമല്ല എന്‍റെ സഹപ്രവര്‍ത്തകരുടേയും. എല്ലായ്പ്പോഴും അയാളുടെ വരവ്‌ അങ്ങനെയാണ്. പലപ്പോഴും വാഹനം ദൂരെയെവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് കള്ളനേപ്പോലെ പതുങ്ങി വരും. ശബ്ദം കേള്‍പ്പിക്കാതെ വാതില്‍ തുറന്ന് പമ്മി വന്ന് പുറകില്‍ നില്‍ക്കും. എന്താണു ചെയ്യുന്നതെന്നു നോക്കാന്‍. പലപ്രാവശ്യത്തെ അനുഭവം ഞങ്ങളെയും ബുദ്ധിമാന്മാരാക്കി. ഞങ്ങള്‍ ഉപയോഗിച്ചിരുന്ന മാക്കിന്‍റോഷ് കമ്പ്യൂട്ടറിന്‍റെ കാബിനറ്റില്‍ കണ്ണാടി പോലെ ഒരു ഭാഗമുണ്ട്. മുഖം നോക്കാം. അത് ഞങ്ങള്‍ പിന്‍‍വാതിലിന് അഭിമുഖമായി തിരിച്ചു വച്ചു. അയാള്‍ പിന്നില്‍ നിന്നു വരുന്നത് തിരിച്ചറിഞ്ഞ് അറിയാത്ത ഭാവത്തില്‍ ഇരിക്കാന്‍ അതു ഞങ്ങളെ സഹായിച്ചു. മലയാളിക്ക് തല ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്നുള്ളതു മനസ്സിലാക്കാന്‍ മലയാളിക്കു മാത്രമേ സാധിക്കൂ.

അയാള്‍ ധൃതിയില്‍ കതകു തുറന്ന് നേരേ മുകളില്‍ മാഡത്തിന്‍റെ കാബിനിലേക്കു കയറിപ്പോയി. കണ്ണാടിയില്‍ നോക്കിയിരുന്ന എന്‍റെ സഹപ്രവര്‍ത്തകന്‍ അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു, നീ കൊടുത്ത കടലാസ്സും കൊണ്ടാണയാള്‍ വന്നിരിക്കുന്നത്. അതേ ആ കടലാസ്സു തന്നെയാണു കയ്യില്‍. ഞാന്‍ വ്യക്തമായും കണ്ടു. ഇന്നയാള്‍ നിന്നെ മാത്രമല്ല എന്നെയും കൊല്ലാക്കൊല ചെയ്തിട്ടേ ഇവിടെ നിന്നു പോകൂ.

മനസ്സില്‍ ഭയം തണുത്തുറഞ്ഞിരുന്നുവെങ്കിലും ഞാന്‍ നിര്‍വ്വികാരനായിരുന്നു. എന്തും നേരിടാമെന്നുള്ള ഒരു ധൈര്യം. എന്നിരുന്നാലും അകാരണമായി അഞ്ചു വര്‍ഷം ഊണും ഉറക്കവുമുപേക്ഷിച്ചു പഠിച്ച് ഒന്നാം റാങ്കോടെ പാസ്സായ എന്‍റെ തൊഴില്‍, അഞ്ചു വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത എന്‍റെ പ്രവൃത്തി പരിചയം ഇവകള്‍ വ്യര്‍ത്ഥമെന്ന് അതും ഞാന്‍ ചെയ്യുന്ന തൊഴില്‍ കൊണ്ട് ലാഭമുണ്ടാക്കുന്ന ഒരുവന്‍ പറയുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കാന്‍ എനിക്കാവില്ലായിരുന്നു.

മാഡവും അയാളും കൂടി മുകളില്‍ നിന്നിറങ്ങി വരുന്ന ശബ്ദം ഞങ്ങള്‍ കേട്ടു. കൊലമരത്തില്‍ മുഖത്തു കൂടി കറുത്ത തുണിയിട്ട ശേഷം തന്നെ തൂക്കാനുള്ള ലിവര്‍ പിടിച്ചു വലിക്കാനടുക്കുന്ന ആരാച്ചാരുടെ നീക്കം ശബ്ദത്തിലൂടെ മാത്രം തിരിച്ചറിയുന്നവന്‍റെ മാനസികാവസ്ഥയിലൂടെയായിരുന്നിരിക്കാം ഒരു പക്ഷേ ആ നിമിഷം ഞാന്‍ കടന്നു പൊയ്ക്കോണ്ടിരുന്നത്.

അവര്‍ ഞങ്ങളുടെ അടുത്തു വന്നു. ഞങ്ങള്‍ തിരിഞ്ഞു നോക്കാതെ ഞങ്ങളുടെ ജോലികള്‍ തുടര്‍ന്നു. കുറച്ചു സമയം നിശ്ശബ്ദമായി നോക്കി നിന്നശേഷം പൊടുന്നനെ അയാള്‍ പറഞ്ഞു.

ആള്‍ ഓഫ് യൂ സ്റ്റാന്‍ഡ് അപ്പ്

9 comments:

സേതുലക്ഷ്മി said...

സംഭവം കലക്കുന്നുണ്ട് കേട്ടോ! താങ്കള്‍ക്ക് വേണമെങ്കില്‍ ഇത് ഒരു നോവലായി പ്രസിദ്ധീകരിക്കാം, “കടലിനക്കരെ പോണോരേ - അനുഭവക്കുറിപ്പുകള്‍” എന്ന പേരില്‍. :)

Anil said...

ചുമ്മാ ആളെ വടിയക്കാതെ മുഴുമിപ്പിക്കെടോ!

Rakesh R (വേദവ്യാസൻ) said...

തുടരും ..........
ടി വി സീരിയല്‍ പോലെ പറ്റിക്കരുത് കേട്ടാ :)

നീര്‍വിളാകന്‍ said...

ഇതിപ്പോള്‍ “മ” പ്രസിദ്ധീകരണങ്ങളിലെ തുടര്‍ക്കഥ പോലെ ആയല്ലോ മാഷെ... ജീവിത കഥ ഒക്കെ ആണന്നു സമ്മതിക്കുമ്പോളും താങ്കള്‍ കഥ പറഞ്ഞ് അവസാനിപ്പിക്കുന്ന് രീതി കാണ്ടാല്‍ അങ്ങനെയേ തോന്നു.... വായനക്കാരെ മുല്‍മുനയില്‍ നിര്‍ത്തിയീട്ട് ഒരു “തുടരും”.... എന്തായാലും തുടക്കത്തില്‍ അല്‍പ്പം ആകാംഷയോടെയും അതിലേറെ വ്യസനത്തോടെയും വായിച്ചു വന്നതിന്റെ നാലാം ഭാഗം വന്നപ്പോള്‍ അനുഭവം എന്നതിനപ്പുറം ഒരു കഥ എന്ന തലത്തില്‍ വായിച്ചു തീര്‍ക്കാനാണ് തൊന്നുന്നത്.... തുടരട്ടെ!!!!

കാവാലം ജയകൃഷ്ണന്‍ said...

സേതുലക്ഷ്മി: ആത്മകഥ എഴുതുകയാണെങ്കില്‍ കൂടെ ചേര്‍ക്കാം.

അനില്‍: ചൂടാകല്ലേ. ഞാനൊന്നു പറഞ്ഞോട്ടെ...

വേദവ്യാസന്‍: തീര്‍ച്ചയായും പറ്റിക്കില്ല

നീര്‍വിളാകന്‍: എഴുതി വന്നപ്പോള്‍ ഇടക്കൊരു സസ്പെന്‍സ് ഇട്ടാലെന്താണെന്നു കരുതി. അത്രയേ ഉള്ളൂ. മുഴുവനും ഒന്നിച്ചെഴുതിയാല്‍ നീളക്കൂടുതല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. അല്ലായിരുന്നെങ്കില്‍ ഞാന്‍ ഒന്നിച്ചെഴുതിയേനേ.

Ashly said...

വളരെ നന്നായിട്ടുണ്ട് എഴുത്ത്. ബാകി ഭാഗത്തിനായി കാത്തിരിക്കുന്നു

Unknown said...

തുടരട്ടെ
ആശംസകളോടെ..

മാണിക്യം said...

കടലിനക്കരെ പോണോരെ
വളരെ നന്നായി വരുന്നു ..
ഇതിലെ ആത്മാംശം ആണു പോസ്റ്റിനെ ഇത്ര മികവുറ്റതാക്കുന്നത് എന്നു എനിക്കു തൊന്നി..
ശരിക്കും വായിക്കുമ്പോള്‍
അറിയാതെ മുഷ്ടിചുരുട്ടി പോകുന്നു ... ...

Deepu said...

വളരെ നന്നായിട്ടുണ്ട്... നല്ല വിവരണം, ശരിക്കും ഒരു ഷോര്‍ട്ട് മെഗാ സീരിയല്‍ ആക്കാനുള്ള സ്റ്റോറി ലൈന്‍.
ആശംസകള്‍...