Friday, October 2, 2009

കടലിനക്കരെ പോണോരേ... (മൂന്ന്)


സ്വപ്നങ്ങളുടെ വര്‍ണ്ണസമുദ്രം താണ്ടി അറബിപ്പൊന്നു തേടിപ്പോകുന്ന പലരും, നിറചിരിയോടെ, ഭ്രമിപ്പിക്കുന്ന സുഗന്ധം പരത്തി, തിളങ്ങുന്ന കുപ്പായമിട്ടു നാട്ടില്‍ തിരിച്ചെത്തുന്ന പലരും അക്കരെ നിലയില്ലാത്ത കണ്ണീര്‍ക്കടലിലാണ് കഴിയുന്നതെന്നത് പച്ചയായ സത്യമാണ്. എന്നാലോ ഇവിടെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന നിമിഷം മുതല്‍ തുടങ്ങും ചൂഷണം. കസ്റ്റംസുകാര്‍, പോലീസുകാര്‍ എന്തിന് മുപ്പത്തിയഞ്ചു രൂപയ്ക്ക് ഓടിയെത്താവുന്ന തിരുവനന്തപുരം എയര്‍പോര്‍ട്ട് തമ്പാനൂര്‍ റൂട്ടില്‍ പോലും ഇരുനൂറ്റിയന്‍പതു രൂപയാണ് അധികൃതരുടെ അറിവോടെ ഓട്ടോക്കാര്‍ വാങ്ങുന്നത്. അതേ പ്രവാസി ഒരു കറവപ്പശു മാത്രമാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും!

ദിലീപ് ദുബായില്‍ ഉണ്ടെന്നറിഞ്ഞ് ഏതു വിധേനയും അവനെ പിടി കൂടുവാനോ, കുരുക്കില്‍ പെടുത്തുവാനോ മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു കൊണ്ട് മാഡവും, മുതലാളിയും പരിശ്രമിക്കുന്നു. ദുബായിലേക്കു പോകുന്ന ഡ്രൈവര്‍മാരെയും, ദുബായിലുള്ള മറ്റുള്ളവരേയും അതിനായി ചുമതലപ്പെടുത്തുന്നു. ഒപ്പം കമ്പനിയുടെ പുതിയ ഒരു സ്റ്റേജ്‌ ഷോ അടുത്തു വരുന്നു. ഞങ്ങളെല്ലാവരും രാപകല്‍ ഭേദമില്ലാതെ തിരക്കിലാണ്. പലപ്പോഴും ദിവസത്തില്‍ ഒരു നേരം മാത്രമാണ് ഭക്ഷണം. എല്ലാ മസവും ഭക്ഷണത്തിനെന്ന പേരില്‍ ഇരുപത്തിയഞ്ചു റിയാല്‍ വീതം ശമ്പളത്തില്‍ നിന്നും കട്ടാകുന്നുണ്ട്. സ്വന്തമാരോഗ്യത്തെയും, നഷ്ടപ്പെടുന്ന പണത്തിനെക്കാളും എല്ലാം ഉപരിയായി ആത്മാഭിമാനമുള്ള ഞങ്ങള്‍ക്ക് അയാളുടെ ചീത്തവിളി കേള്‍ക്കാന്‍ സാധിക്കാത്തതു കൊണ്ടും, ഒന്നര - രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലെ മെസ്സില്‍ പോയി ഭക്ഷണം കഴിച്ചു വരാന്‍ വണ്ടി ലഭ്യമല്ലാത്തതു കൊണ്ടും, വൈകുന്നേരങ്ങളില്‍ പലപ്പോഴും ഓഫീസ് പുറത്തു നിന്നും പൂട്ടിയിടുന്നതു കൊണ്ടും പലപ്പോഴും ഭക്ഷണം ഒരു നേരത്തേക്കും ചില ദിവസങ്ങളില്‍ അതുപോലുമില്ലാതെയും ചുരുങ്ങുകയായിരുന്നു. പ്രഭാതഭക്ഷണം പലപ്പോഴും കഠിനമായ വയറുവേദനയാണ് സമ്മാനിക്കുന്നത്. ഇരുപത്തിയഞ്ചു റിയാലിനു ലഭിക്കുന്ന ഭക്ഷണം ജിലേബി പൌഡറും പഞ്ചസാരയും ചേര്‍ത്ത് പുഴുങ്ങിയ സേമിയ, അല്ലെങ്കില്‍ ഉരുളക്കിഴങ്ങു വറുത്തത് തുടങ്ങിയവയാണ്. ഒരുപക്ഷേ ഹിന്ദിക്കാര്‍ക്ക് ഇതു പിടിക്കുമായിരിക്കും.

ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്ക് കമ്പനിയുടെ ജോബ് വിസ അടിച്ചു കിട്ടി. അപ്പോഴാണറിയുന്നത് ഏജന്‍റുമായുണ്ടായിരുന്ന കരാര്‍, ഞാന്‍ അവര്‍ക്കു തൃപ്തികരമായി ജോലി ചെയ്യുന്നില്ലെങ്കില്‍ ഈ എക്സ്പ്രസ്സ് വിസയുടെ കാലാവധി കഴിയുമ്പോള്‍ എന്നെ നിരുപാധികം തിരികെ കയറ്റി അയക്കും. അതിനുവേണ്ടിയായിരുന്നു ആ വിസയില്‍ എന്നെ കൊണ്ടുവന്നത്. ( എന്‍റെ ജോലി അവര്‍ക്ക് തൃപ്തികരമായിരുന്നില്ലെങ്കില്‍ എന്‍റെ പണം പോകുമെന്നേയുണ്ടായിരുന്നുള്ളൂ. അവിടെ നിന്നും രക്ഷപ്പെടാമായിരുന്നു എന്നു കരുതിപ്പോയി) മീന്‍‍ചന്തയില്‍ പോലും കേള്‍ക്കാന്‍ കഴിയാത്ത സംസ്ക്കാരശൂന്യമായ അധിക്ഷേപങ്ങള്‍ മാത്രമേ അവിടെ ജോലി ചെയ്യുന്നവര്‍ക്ക് സമ്പാദ്യമായുണ്ടാവൂ.

പുതുതായി വരുന്ന ഇവന്‍റിനു വേണ്ടി 100 x 70 സൈസില്‍ ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്യേണ്ടിയിരുന്നു. ആരും കുറ്റം പറയാത്ത രീതിയില്‍ തന്നെ അതു ഞാന്‍ ചെയ്തെടുത്തു. ആ ഇവന്‍റിന്‍റെ മറ്റുള്ള സ്പോണ്‍സര്‍മാരും, സംഘാടകരുമെല്ലാം പ്രൂഫ് കണ്ട് പ്രശംസിച്ച ആ ഡിസൈന്‍ പ്രിന്‍റ് ചെയ്യാന്‍ കൊടുത്തത് വെളിയിലുള്ള ഒരു പ്രിന്‍റിംഗ് കമ്പനിയിലാണ്. അവരതു പ്രിന്‍റ് ചെയ്തു വന്നപ്പോള്‍ ഡിസൈനിന് പ്രകടമായ വ്യത്യാസം. ചില ഇമേജുകള്‍ക്ക് സ്ഥാനഭ്രംശം. ഇതു കണ്ടു പിടിച്ചതും ചൂണ്ടിക്കാട്ടിയതും ഞാനാണ്. എന്നാല്‍ അവരത് എന്‍റെ പുറത്തു വച്ചു കെട്ടി പ്രിന്‍റിങിനായി ചിലവഴിച്ച മുന്നൂറ്റിയന്‍പതു റിയാല്‍ എനിക്കു പിഴ ചുമത്താന്‍ ശ്രമിച്ചു. ഞങ്ങളെപ്പോലെയുള്ള ഒട്ടനവധി തൊഴിലാളികെളെ നിര്‍ദ്ദയം ചൂഷണം ചെയ്തും, ഒരു കൂട്ടം പാവങ്ങളെ പറ്റിച്ചും അന്യരുടെ വിയര്‍പ്പുകൊണ്ടു മാത്രം ഭക്ഷണം കഴിച്ചു ശീലിച്ച ആ മനുഷ്യന്‍ പ്രതിമാസം ഇരുപത്തിയഞ്ചു റിയാല്‍ വീതം ചിലവാക്കി ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കണക്കു പറയാന്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, പ്രിന്‍റിംഗ് കമ്പനിയിലേക്ക് കൊടുത്തയച്ച സി.ഡി തിരികെ വാങ്ങണം. ഞാന്‍ കൊടുത്തയച്ച ആ സി.ഡിയില്‍ അത്തരത്തില്‍ ഒരു തെറ്റുണ്ടെങ്കില്‍ പിന്നെ ഞാന്‍ ആ തൊഴില്‍ ചെയ്യാന്‍ പോലും യോഗ്യനല്ല. ആ സി.ഡിയില്‍ തെറ്റുണ്ടെങ്കില്‍ മുന്നൂറ്റിയന്‍പതു റിയാലല്ല, മൂവായിരത്തിയഞ്ഞൂറു റിയാല്‍ ഞാന്‍ തിരികെ നല്‍കാമെന്ന്. എവിടെനിന്നോ കിട്ടിയ ധൈര്യത്തിന്‍റെ പിന്‍‍ബലത്തിലാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. മൂവായിരത്തിയഞ്ഞൂറ് റിയാല്‍ എന്നു കേട്ടപ്പോള്‍ മാഡത്തിനും മുതലാളിക്കും സന്തോഷമായി. ഉടന്‍ തന്നെ ആളെ വിട്ടു സി ഡി തിരികെ വാങ്ങി. ഞാന്‍ അതു കൈകൊണ്ടു തൊട്ടില്ല. മാഡത്തിന്‍റെ മുന്‍പില്‍ വച്ചു തന്നെ മറ്റൊരു സഹപ്രവര്‍ത്തകനോടു പറഞ്ഞു ആ സി.ഡി ചെക്ക് ചെയ്യാന്‍. അയാളതു തുറന്നു നോക്കി. അതില്‍ നിന്നും പ്രിന്‍റ് ചെയ്തു വന്ന പോസ്റ്ററിന് അജഗജാന്തരം!.

എന്നാല്‍ അകാരണമായി വിളിച്ച ചീത്തകളോ, കാശു കൊടുത്തു കഴിച്ചു പോയ ഭക്ഷണത്തിനു വരെ പറഞ്ഞ കണക്കോ ശൂന്യതയില്‍ പോയി. ഒരു നല്ല വാക്കു പറയാമായിരുന്നല്ലോ. അവരില്‍നിന്നും അതു പ്രതീക്ഷിക്കുന്നതാവും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടത്തരം.

പിന്നീട്‌ ആ പ്രിന്‍റിംഗ് കമ്പനിയിലുള്ള ഒരു സുഹൃത്ത് വഴി എന്താണു സംഭവിച്ചതെന്ന് ഞാന്‍ അന്വേഷിച്ചറിഞ്ഞു. 100 x 70 ന്‍റെ പ്രിന്‍റ് പ്ലേറ്റ് ആ കമ്പനിയില്‍ ഇല്ലാത്തതിനാല്‍ അവര്‍ പല ലെയറുകളിലായി കിടന്നിരുന്ന ഫോട്ടോഷോപ്പ് ഇമേജ് വലിച്ചു ചെറുതാക്കി. അതോടൊപ്പം കൊടുത്തിരുന്ന മറ്റേതൊരു ഫോര്‍മാറ്റില്‍ ഈ വിക്രിയ നടത്തിയിരുന്നെങ്കിലും ഇതു സംഭവിക്കില്ലായിരുന്നു. കുറഞ്ഞപക്ഷം അതു ഡിസൈന്‍ ചെയ്തവനോടൊന്നു ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നു. അതുമല്ലെങ്കില്‍ പ്രിന്‍റ് ചെയ്ത ശേഷം അതൊന്നു നോക്കിയിരുന്നെങ്കില്‍ തന്നെ അതു മനസ്സിലകുമായിരുന്നു. കേവലം ഒരു സര്‍വ്വീസ് പ്രൊവൈഡറുടെ ഭാഗത്തുനിന്നുണ്ടായ കുഴപ്പത്തിന് ഒരു വ്യക്തിയെ അപമാനിക്കാവുന്നതിന്‍റെ പരമാവധി അപമാനിച്ചു. ഒരു പക്ഷേ മാഡത്തിനു പരിചയമുള്ള ആണുങ്ങള്‍ക്കൊക്കെ എന്തു കേട്ടാലും ഉളുപ്പുണ്ടാവില്ലായിരിക്കും. പക്ഷേ കൊള്ളാവുന്ന തറവാട്ടില്‍ പിറന്ന കാവാലത്തുകാരന്‍ പണിക്കരെ അതിനു കിട്ടില്ല.

അന്ന് ആ കമ്പനി വിടുവാന്‍ ഞാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ ഏകാന്തതയില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന എന്‍റെ ശീലത്തെ എന്തോ വലിയ അപരാധമായി ആരോ ചെന്നു മാഡത്തിനെ ധരിപ്പിച്ചു. പിന്നീട്‌ അതു പറഞ്ഞായി പരിഹാസം. തികഞ്ഞ പുച്ഛത്തോടെയും സഹതാപത്തോടെയും ഞാനതിനെ തള്ളിക്കളഞ്ഞതിന്‍റെ കാരണം അക്ഷരങ്ങളിലൂടെ പരിചയപ്പെട്ട, അക്ഷരങ്ങളിലൂടെ സം‌വദിക്കുന്ന, അക്ഷരങ്ങളിലൂടെ നിലനില്‍ക്കുന്ന, അക്ഷരങ്ങളെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ഈ ബൂലോകത്തെ ഒരു ബ്ലോഗറെ പോലും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ. പട്ടിക്കു മുഴുവന്‍ തേങ്ങ കിട്ടിയതുപോലെ അക്ഷരങ്ങള്‍ കൊണ്ട്‌ ഇവര്‍ക്കൊക്കെ എന്തു കാര്യം?

തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും അവിടെ നിന്നും എങ്ങനെ പുറത്തു ചാടാം എന്നുള്ളതായി എന്‍റെ ചിന്ത. എന്നെ ഇങ്ങോട്ടേക്കയച്ച ഏജന്‍റിന്‍റെ അച്ഛന്‍ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. ജീവിതത്തിന്‍റെ എല്ലാ വശങ്ങളും കണ്ട പക്വത വന്ന ഒരു മനുഷ്യന്‍. ഞാന്‍ അദ്ദേഹത്തെ കണ്ട്‌ കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചു. എന്തെങ്കിലും പോം‍വഴി നോക്കാമെന്ന് അദ്ദേഹവും എനിക്ക് ധൈര്യം തന്നു. ഇതിനോടകം ആത്മാര്‍ത്ഥതയുള്ള ഒരു കൂട്ടം കൂട്ടുകാര്‍ അവിടെ എനിക്കുണ്ടായി. യാതൊരു കാരണവശാലും കമ്പനിക്കു വെളിയിലുള്ള ആരോടും സംസാരിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ വിലക്കപ്പെട്ടിരുന്നു. അറിഞ്ഞാല്‍ ഫൈന്‍ കിട്ടുമെന്നുള്ളത് ഉറപ്പാണ്. എന്നിട്ടും അവിടെയുള്ള വീര്‍പ്പുമുട്ടലില്‍ നിന്നും അല്പം ആശ്വാസത്തിനായി ഞങ്ങളെല്ലാവരും പുറം ലോകത്തേക്ക് കൊതിയോടെ നോക്കിയിരുന്നു. കമ്പനിയുടെ ഹൈപ്പര്‍മാര്‍ക്കറ്റ് കം ഹെഡ് ഓഫീസ് നില്‍ക്കുന്ന അല്‍ അസൈബ എന്ന സ്ഥലത്തു തന്നെ അല്പം മാറിയായിരുന്നു ഞങ്ങളുടെ താമസം. ആ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാല്‍ സുല്‍ത്താന്‍ കാബൂസ് ദേവാലയം കാണാം. എന്തെന്നറിയാത്ത ഒരു സമാധാനം വൈകിയ സായന്തനങ്ങളില്‍ ഏകനായി പ്രകാശപൂരിതമായ സ്വര്‍ണ്ണവര്‍ണ്ണമായി ജ്വലിക്കുന്ന ആ പരമകാരുണികന്‍റെ സവിധത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. ഒരു പക്ഷേ നരകയാതന അനുഭവിച്ചു പോന്ന ആ കാലങ്ങളില്‍ ഇവന്‍ അറിഞ്ഞിട്ടുള്ള ഒരേയൊരു ആനന്ദം. ജാതിമതവര്‍ണ്ണവര്‍ഗ്ഗങ്ങള്‍ക്കെല്ലാം അതീതനാണ് ഈശ്വരനെന്ന് തിരിച്ചറിയുന്ന ഇത്തരം നിമിഷങ്ങള്‍ ജീവിതത്തില്‍ ഏറ്റുവാങ്ങുന്നത് ഒരു ഭാഗ്യം തന്നെയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. വിജനതയിലേക്കെന്നപോലെ ആ സ്വര്‍ണ്ണഗോപുരത്തിലേക്ക് നിര്‍വ്വികാരനായി നോക്കി നിന്നിട്ടുള്ള എത്രയോ നിമിഷങ്ങളില്‍ ഒരു ഇളംകാറ്റിന്‍റെ തലോടലായി ആ സ്നേഹം എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു. ഇന്നും ആ കനിവിന്‍റെ ദേവാലയത്തേക്കുറിച്ചുള്ള സ്മരണകള്‍ എന്‍റെ കണ്ണുകളെ സജലങ്ങളാക്കുന്നു.

എന്നാല്‍ മറ്റൊരു ജോലി തരപ്പെടുത്തി അവിടെനിന്നും പോകാനുള്ള എന്‍റെ പദ്ധതികളെ കീഴ്മേല്‍മറിച്ചുകൊണ്ടായിരുന്നു ‘ഗോനു’ എന്ന ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്കു കടന്നു വന്നത്. കൊടുങ്കാറ്റ് ഉഗ്രതാണ്ഡവമാടിയ മൂന്നു ദിവസങ്ങളില്‍ ഏറ്റവും ശക്തിയേറിയ കാറ്റടിച്ച ഒരു ദിവസമൊഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളിലും അഡ്വര്‍ട്ടൈസിംഗ് കമ്പനി പൂട്ടിയിട്ട് ഞങ്ങളെ അയാളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ സെയിത്സിനു നിര്‍ത്തി. ഒരുദിവസമെങ്കിലും അവധി തന്നത് റോയല്‍ ഒമാന്‍ പോലീസിനെയോ, റോയല്‍ ആര്‍മിയെയോ പേടിച്ചിട്ടാവണം. അഞ്ചുദിവസത്തെ ദേശീയ അവധി സുല്‍ത്താന്‍ പ്രഘ്യാപിച്ചിരിക്കുന്നിടത്താണ് അയാളിതു ചെയ്തത്. എന്നിട്ടൊരു ഉപദേശവും തന്നു, കാറ്റടിച്ച് എന്തെങ്കിലും ഇടിഞ്ഞു വീഴുകയാണെങ്കില്‍ വെളിയിലേക്ക് ഓടിയാല്‍ മതിയെന്ന്. ഇതും കഴിഞ്ഞ് മുതലാളിയും, മാഡവുമെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറി. ചുഴലിക്കൊടുങ്കാറ്റടിച്ചുകൊണ്ടിരുന്ന ആ സമയങ്ങളില്‍ തുറന്നിരുന്ന ഒരേയൊരു സ്ഥാപനം അതുമാത്രമായിരുന്നു.

രാജ്യം മുഴുവന്‍ ഭീതി നിറഞ്ഞു നില്‍ക്കുന്നു. അന്തരീക്ഷമാകെ സംഹാരതാണ്ഡവമാടുന്ന കാറ്റിന്‍റെ ഗര്‍ജ്ജനം. ആകാശം സുരക്ഷാപ്രവര്‍ത്തനത്തിനായി രാപ്പകല്‍ ഭേദമില്ലാതെ റോന്തു ചുറ്റുന്ന പട്ടാള ഹെലികോപ്റ്ററിന്‍റെ ശബ്ദത്താല്‍ മുഖരിതമായിരിക്കുന്നു. കാറ്റ് വന്ന് ഭിത്തിയില്‍ അടിക്കുന്ന ശബ്ദം കേട്ടാല്‍ വലിയ ഇരുമ്പു കൂടം കൊണ്ട് അടിക്കുന്നതു പോലെ തോന്നും. മരണം വന്നു മുട്ടുന്നതു പോലെ. ആ ദിവസങ്ങളില്‍, കണ്ണുനീരും പ്രാര്‍ത്ഥനയുമായി കടലിനക്കരെ കാത്തിരിക്കുന്ന എന്‍റെ അമ്മയുടെ മുഖം മനസ്സിലുണ്ടായിരുന്നിട്ടു പോലും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു ആ കാറ്റിന്‍റെ കൈപ്പിടിയിലൊതുങ്ങി ഈ ജീവിതം പൊലിഞ്ഞിരുന്നെങ്കിലെന്ന്. അപരാധമാണ് വലിയ അപരാധമാണ് അങ്ങനെ ചിന്തിക്കുന്നതു പോലും. എങ്കിലും അവിടെ നിന്നും ഏറ്റുവാങ്ങുന്ന അപമാനവും, യാതൊരു പ്രയോജനവുമില്ലാതെ ചെയ്യുന്ന ജോലിയും തളര്‍ത്തിക്കളഞ്ഞ മനസ്സ് അറിയാതെ കൊതിച്ചു പോയതാണ്.

പലയിടങ്ങളിലും റോഡുകള്‍ രണ്ടായി പിളര്‍ന്നു, നിരവധി കെട്ടിടങ്ങള്‍ ഒലിച്ചു പോയി പോലീസ്, പട്ടാള ഉദ്യോഗസ്ഥരുടെ സ്തുത്യര്‍ഹമായ സേവനവും നല്ലവനായ സുല്‍ത്താന്‍റെ ഇച്ഛാശക്തിയും ഒന്നുകൊണ്ട് മാത്രമാണ് രാജ്യം വളരെ വേഗത്തില്‍ ആ പ്രകൃതിദുരന്തത്തില്‍ നിന്നും കരകയറിയത്. ആ ചുഴലിക്കൊടുങ്കാറ്റ് ലാഭമുണ്ടാക്കിക്കൊടുത്ത ഒരേയൊരു വ്യക്തി ആ ആജ്യത്ത് ഞങ്ങളുടെ മുതലാളി മാത്രമായിരുന്നു. എന്നാല്‍ ആ കൊടുങ്കാറ്റ് അവസാനിച്ച് അടുത്ത ദിവസം അയാള്‍ പുതിയ ഒരു ആശയവുമായിട്ടാണ് ഓഫീസിലെത്തിയത്. ഈ അവധിദിവസങ്ങളില്‍ പോലും അയാള്‍ക്കു വേണ്ടി പണിയെടുത്തതിന് പിന്നില്‍ നിന്നു കുത്തി പ്രതിഫലം നല്‍കാന്‍.

തുടര്‍ന്നു വായിക്കുക...

8 comments:

സേതുലക്ഷ്മി said...

അജഗജാന്തരം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണാവോ?

പാവപ്പെട്ടവൻ said...

പ്രവാസത്തിന്റെ നെരിപ്പോടുകള്‍
എല്ലാരുടെയും കഥ

ramanika said...

വായിച്ചപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു
തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു അടുത്ത ഭാഗം

മാണിക്യം said...

എത്രയൊക്കെ കുറവുകളും ഞെരുക്കങ്ങളും ഉണ്ടെങ്കിലും നമ്മുടെ സ്വന്തം നാട്ടില്‍ നില്‍ക്കുമ്പോള്‍ ഉള്ള സ്വാതന്ത്ര്യം ആത്മാഭിമാനം എന്നിവയുടെ വില അതറിയുന്നത് പ്രവാസിയാവുമ്പോഴാണല്ലൊ..

നമ്മുടെ നാട്ടിലെ തൊഴിലുടമകള്‍ എത്ര മാന്യമായി പെരുമാറുന്നു എന്നിട്ടും അവിടെ തൃപ്തിയില്ലാതെ, തൊഴില്‍ ചെയ്യാതെ തൊഴിലാളിയെ പിഴിയുന്ന ഇത്തിള്‍ കണ്ണിയായാ രാഷ്ട്രീയക്കാര്‍ നയിക്കുന്ന സമരങ്ങള്‍.

അവര്‍ ഈ ലേഖനം വായിക്കണം.
പ്രവാസിയുടെ കണ്ണിര്‍ വീണു വളര്‍ന്നതാണ്
ഇന്നത്തെ കേരളം...

കാവാലം ജയകൃഷ്ണന്‍ said...

സേതുലക്ഷ്മി: അജഗജാന്തരമെന്നാല്‍; അജം=ആട്, ഗജം=ആന,അന്തരം=വ്യത്യാസം

അജം+ഗജം+അന്തരം എന്നു വച്ചാല്‍ ആനയും ആടും പോലെയുള്ള വ്യത്യാസം എന്ന് അര്‍ത്ഥം. ഇത് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു വാക്കാണല്ലോ. സംസാരഭാഷ തന്നെ. പ്രത്യേകിച്ചും മദ്ധ്യതിരുവിതാംകൂറില്‍.

സേതുലക്ഷ്മി said...

അതാണോ ഇതിന്റെ അര്‍ത്ഥം!!! നന്ദി.

നീര്‍വിളാകന്‍ said...

ഞാനും ഇതുപോലെ ഒരു കഥ എഴുതി പകുതിയാക്കി വച്ചിട്ടുണ്ട്... എന്റെ പ്രവാസ ജീവിതം.... പക്ഷെ ഞാന്‍ സങ്കടങ്ങളെ തമാശയുടെ കണ്ണിലൂടെയാണ് സമീപിച്ചിരിക്കുന്നത്.... താങ്കളുടെ കഥ വളരെയധികം ഹ്ര്6ദയത്തില്‍ തട്ടുന്ന ഒന്നു തന്നെ.... തുടരുക... ഭാവുകങ്ങള്‍!

കാവാലം ജയകൃഷ്ണന്‍ said...

നീര്‍വിളാകന്‍: ഒരുപാട്‌ ആലോചിച്ചതിനു ശേഷമാണ് ഈ കുറിപ്പെഴുതാമെന്നു തീരുമാനിച്ചത്. ഇത് ഒരു കഥ എന്ന രീതിയില്‍ പറഞ്ഞു പോകാനാവില്ല. കാരണം ഈ സത്യങ്ങള്‍ പുറം ലോകം അറിയേണ്ടതാണ്. ഗള്‍ഫിലേക്കു വരാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യരും ഇവിടത്തെ പലരുടെയും അവസ്ഥയും യാഥാര്‍ത്ഥ്യങ്ങളും തിരിച്ചറിയേണ്ടതായിട്ടുണ്ട്. എനിക്കും, ആ കമ്പനിയില്‍ ജോലി ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന പലര്‍ക്കും അന്നു സംഭവിച്ചത് മറ്റൊരാള്‍ക്ക് സംഭവിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണിതെഴുതുന്നത്. ഇനിയൊരു പക്ഷേ അവര്‍ ഇത് അറിഞ്ഞാല്‍ എന്നെ ഇല്ലായ്മ ചെയ്യാന്‍ പോലും ശക്തരാണവര്‍. ഏതു രീതിയിലും. ചുമ്മാ കുറേ നാള്‍ ജീവിച്ചിരുന്ന് ചാകുന്നതിലും ഭേദമല്ലേ സുഹൃത്തേ സഹജീവികള്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തിട്ടു പോകുന്നത്. മാത്രവുമല്ല ആ കമ്പനിയില്‍ എനിക്കന്ന് ജോലി തന്നതിനേക്കാള്‍ വലിയ എന്തു ശിക്ഷയാണ് അവര്‍ക്കു വേറേ തരാനുള്ളത്?