Thursday, October 1, 2009

കടലിനക്കരെ പോണോരേ... (രണ്ട്)

ഭാഗം ഒന്ന് ഇവിടെ

മറക്കാതിരിക്കുക ഗള്‍ഫ് ഒരു മരീചികയാണ്... അടുത്തു വരും തോറും ശൂന്യത മാത്രം വെളിവാകുന്ന മരുഭൂമി. കരുതലോടെ മാത്രം പറന്നിറങ്ങുക... സമാശ്വസിപ്പിക്കാന്‍ പലപ്പോഴും സ്വന്തം നിഴല്‍ പോലും കാണില്ല. കാരണം ആ നിഴല്‍ പോലും നിങ്ങളുടെ തൊഴിലുടമയുടെ അടിമയായിരിക്കും. എങ്കിലും എടുത്തു പറയട്ടെ... എന്‍റെ അനുഭവത്തില്‍ വിദേശികളേക്കാള്‍ അവിടെയുള്ള അറബികള്‍ സ്നേഹമുള്ളവരാണ്.

പണ്ട്‌ സായിപ്പ് നമ്മള്‍ ഇന്‍ഡ്യക്കാരുടെ നെഞ്ചത്തു പ്രയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രമാണ് നൂറു ശതമാനവും തൊഴിലാളികളെ പീഡിപ്പിച്ച് ചൂഷണം ചെയ്യുന്ന ആ കമ്പനിയുടെ നയമെന്നത് മനസ്സിലാക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. കമ്പനിയിലെ ഇന്‍റേണല്‍ പൊളിറ്റിക്സിനെക്കുറിച്ച് അപലപിച്ച, അതില്‍ ചെന്നു ചാടരുതെന്ന് ഉപദേശിച്ച ബഹുമാന്യയായ തലശ്ശേരിക്കാരി മാഡം തന്നെയായിരുന്നു ആ കമ്പനിയിലെ പൊളിറ്റിക്സിന്‍റെ ഉപജ്ഞാതാവും, പ്രയോക്താവും.

പ്രസ്തുത മാഡം മുതലാളിയുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ സെയിത്സിനു വന്നതാണെന്നും, സ്വന്തം കഴിവുകൊണ്ടു മാത്രം ജനറല്‍ മാനേജരായതാണെന്നും, സ്വന്തമായി ലണ്ടനില്‍ നിന്നു വാങ്ങിയ എം ബി എ സര്‍ട്ടിഫിക്കറ്റുണ്ടെന്നുമൊക്കെ അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പൊഴും നാളിതുവരെ സ്വന്തമായി ഒരു ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്ത ചരിത്രമുണ്ടായിട്ടില്ല. അഡ്വര്‍ട്ടൈസിംഗ് ആന്‍ഡ് ഇവന്‍റ് മാനേജിംഗ് കമ്പനിയുടെ വിഷ്വലൈസര്‍ ആയി ജോലിക്കു ചെന്ന എനിക്ക് കിട്ടിക്കൊണ്ടിരുന്ന പണികള്‍ താഴെ പറയും പ്രകാരമാണ്.

കോര്‍പ്പറേറ്റ് ഗിഫ്റ്റുകള്‍ നിരത്തി വച്ചിരിക്കുന്ന അലമാര തുടക്കുക, മാഡത്തിന് ലെറ്ററുകള്‍ ഡ്രാഫ്റ്റ് ചെയ്തു കൊടുക്കുക, ഇടക്കിടക്ക് (എവിടെ നിന്ന്, ഏതു വകുപ്പില്‍ എന്നൊന്നും അറിയില്ല കേട്ടോ) കുറേ റിയാലുകള്‍ തരുന്നത് അവരുടെ ഭര്‍ത്താവിന്‍റെ പേരിലുള്ള ബാങ്ക് അക്കൌണ്ടില്‍ കൊണ്ടു നിക്ഷേപിക്കുക (മൂവായിരത്തി നാനൂറ് റിയാല്‍ വരെ ഞാന്‍ ഒറ്റത്തവണയായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട് - എന്നു വച്ചാല്‍ ഏകദേശം മൂന്നര ലക്ഷം രൂപയ്ക്കു മുകളില്‍), എട്ടു മണിക്കൂര്‍ ജോലി എന്നു കരുതി അവിടെ ചെന്നപ്പോഴാണറിയുന്നത് ആ കമ്പനിയുടെ പ്രവര്‍ത്തി സമയം പത്തു മണിക്കൂറാണ്. ഇതു നിയമാവലിയില്‍ മാത്രം. എല്ലാ ദിവസവും പന്തരണ്ടു മണിക്കൂറില്‍ കുറയാതെ അവിടെത്തന്നെ കാണും എല്ലാവരും. അതു കൂടാതെയാണ് അന്ന് ഒപ്പിട്ടു കൊടുത്ത ശമ്പളരഹിത ഓവര്‍ടൈം.

എന്നാല്‍ അപകടം ഇതൊന്നുമല്ല പ്രസ്തുത രാജ്യത്തെ സുല്‍ത്താന്‍റെ അക്കൌണ്ടുകള്‍ വരെ കൈകാര്യം ചെയ്യുന്ന പ്രശസ്തധനകാര്യസ്ഥാപനത്തിന്‍റെ ഔദ്യോഗിക രേഖകളില്‍ മോര്‍ഫിംഗ് ചെയ്യണം എന്നു പറഞ്ഞുള്ള ഭീഷണി. സംഭവം ഇത്രയേയുള്ളൂ; കമ്പനി ഈ മാഡത്തിന് കൊടുത്തിരിക്കുന്ന സാലറി സര്‍ട്ടിഫിക്കറ്റിലെ തുക അതില്‍ കൂടുതല്‍ കാണിക്കണം. അതിനനുസൃതമായി ബാങ്ക് സ്റ്റേറ്റ്മെന്‍റുകളിലും വ്യത്യാസം വരുത്തണം.

ഏതു കുത്തഴിഞ്ഞ ഭരണം നടക്കുന്ന രാജ്യത്തു പോലും അകത്തു കിടന്നു ഗോതമ്പുണ്ട തിന്നാന്‍ പര്യാപ്തമായ ഈ ക്രിമിനല്‍ കുറ്റം ആദര്‍ശശാലിയും, ഇന്നു ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ ഭരണാധികാരികളും വാഴ്ത്തുന്ന ഭരണവൈഭവവുമുള്ള സുല്‍ത്താന്‍റെ ഏകാധിപത്യരാജ്യത്തു ചെയ്താല്‍ എന്തായിരിക്കും ഗതി?

ഇതു പറയുമ്പോള്‍ പറയാതിരിക്കാനാവില്ല, അദ്ദേഹം ഭരണമേറ്റെടുക്കുന്ന സമയത്ത് കേവലം പത്തു കിലോമീറ്റര്‍ റോഡ് പോലുമില്ലാതിരുന്ന ഈ രാജ്യത്തെ ഇന്നു കാണുന്ന പ്രൌഢിയിലേക്കും, സമ്പന്നതയിലേക്കും ഉയര്‍ത്തിയത് കേവലം മുപ്പതു വര്‍ഷങ്ങള്‍ മാത്രം കൊണ്ടാണ്. ഭരണാധികാരിയുടെ കാര്‍ക്കശ്യവും, പ്രജാവാത്സല്യവും ഇതില്‍നിന്നു തന്നെ വെളിവാകുന്നതാണ്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെയുള്ളവര്‍ കഴുതപ്പുറത്തായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് പറഞ്ഞാല്‍ ഇന്ന് ആര്‍ക്കും അത് വിശ്വസിക്കാനാവില്ല. മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം ഈ രാജ്യത്ത് ആകെയുണ്ടായിരുന്നത് ഒരേയൊരു ആശുപത്രി മാത്രം. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളും, സ്വകാര്യ അശുപത്രികളും ധാരാളം. നല്ല വിദ്യാഭാസം നല്‍കുന്ന ധാരാളം സ്കൂളുകള്‍, കോളേജുകള്‍... വ്യവസായസ്ഥാപനങ്ങള്‍ നിരവധി.

ഇങ്ങനെയുള്ള ഒരു രാജ്യത്ത് നിന്നുകൊണ്ടാണ് നിയമലംഖനത്തിന് പ്രേരിപ്പിക്കുന്നത്. എനിക്കറിയില്ല എന്നു പറഞ്ഞു. പക്ഷേ മാഡം കൂടെയുള്ളവനെക്കൊണ്ട് അത് സാധിപ്പിച്ചു. അവനോട് ചോദിച്ച് ഈ വിദ്യ പഠിച്ചെടുക്കണമെന്നും ഉപദേശിച്ചു. ഇത് ഒരു പ്രാവശ്യമല്ല പല പ്രാവശ്യം മുതലാളി അറിയാതെ അവിടെ നടന്നിട്ടുണ്ട്‌. എന്‍റെ ഊഹം ശരിയാണെങ്കില്‍ തു ക കൂടുതല്‍ കാണിച്ച് ഇപ്രകാരം എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നമ്മുടെ നാട്ടിലേക്കാണെത്തുന്നത്. ഈ രേഖകള്‍ കാണിച്ച് അതിനനുസൃതമായ ഉയര്‍ന്ന തുക ലോണ്‍ എടുക്കുകയും, ഈ തുക റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിക്ഷേപിക്കുകയുമാണ് ഇവരുടെ പരിപാടി എന്ന് ന്യായമായും ഞാന്‍ സംശയിക്കുന്നു. (ഇന്നിപ്പോള്‍ അതു നടക്കുമെന്നു തോന്നുന്നില്ല. എംബസിയുടെ അറ്റസ്റ്റേഷന്‍ ഇല്ലാതെ നാട്ടില്‍ നിന്നും ലോണ്‍ കിട്ടുമെന്നു തോന്നുന്നില്ല)

വലിയ വലിയ സ്ഥാപനങ്ങളിലെ ഉന്നതാധികാരികളുമായുള്ള അടുപ്പം, കൈക്കൂലി കൊടുത്തും, അല്ലാതെയും സ്ഥാപിച്ചെടുക്കുന്ന സ്വാധീനം തുടങ്ങിയ എല്ലാ പഴുതുകളും ഉപയോഗിച്ചു കൊണ്ട് നൂറു ശതമാനം കറപ്റ്റഡ് ആയി ഒരു ബിസിനസ്സ് നടത്തിക്കൊണ്ടു പോകാം എന്നറിയണമെങ്കില്‍ ആ സ്ഥാപനത്തില്‍ പോയി ജോലി ചെയ്താല്‍ മതി.

ഉപ്പുചിരട്ടയില്‍ വെള്ളം കുടിച്ചു കഴിഞ്ഞിരുന്നവന്‍ ഒരു സുപ്രഭാതത്തില്‍ ഇക്കണ്ട സ്ഥാപനങ്ങളുടെയെല്ലാം മുതലാളിയായപ്പോള്‍ അയാളുടെ കാഴ്ച്ചപ്പാടിലുമുണ്ടായി ധാരാളം മാറ്റങ്ങള്‍. ബെന്‍സ്, പോര്‍ഷ്, ബി എം ഡബ്ല്യു, ലക്സസ് തുടങ്ങിയ വാഹനങ്ങളില്‍ മാറി മാറിയാണ് ആശാന്‍റെ യാത്ര. ഓരോ ദിവസത്തിനും ഇണങ്ങുന്ന നിറമുള്ള ഡ്രസ്സുകള്‍, മിനറല്‍ വാട്ടര്‍ ഇല്ലെങ്കില്‍ ആശാന്‍ കക്കൂസില്‍ പോകില്ല... സത്യത്തില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു. ഇദ്ദേഹത്തിന്‍റെ വീട്ടില്‍ മൂന്നു നാലു ജോലിക്കാരുണ്ട്. അവര്‍ക്കു കഴിക്കാനുള്ള ഭക്ഷണം ഒരു ചാക്കിന് അഞ്ചു റിയാല്‍ പോലുമില്ലാത്ത പാക്കിസ്ഥാനി റൈസ്. അവര്‍ മുതലാളിക്ക് പാകം ചെയ്തു കൊടുക്കേണ്ടുന്ന ഭക്ഷണം മുന്തിയ ഇനം അരിയും ഭക്ഷണപദാര്‍ത്ഥങ്ങളും. എങ്ങനെ കഴിയുന്നു സഹജീവികളും, ആശ്രിതരുമായ ആ പാവങ്ങളോട് ഇങ്ങനെ വിവേചനം കാണിക്കാനെന്ന് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.

കമ്പനിയിലെ രാത്രികാല ജോലിയെക്കുറിച്ചു പറഞ്ഞില്ലല്ലോ. മേല്‍‍പ്പറഞ്ഞ ശമ്പളരഹിത ഓവര്‍ടൈം എങ്ങനെയെന്നു വച്ചാല്‍, ഞങ്ങളെ അകത്തിട്ട് വെളിയില്‍ നിന്നു പൂട്ടും. ഏതെങ്കിലും ഹിന്ദിക്കാരനാണ് ആ ജോലി. (അയാള്‍ക്ക് ഹിന്ദിക്കാരെയല്ലാതെ വേറെ ആരെയും വിശ്വാസമില്ല) ജോലി എപ്പോള്‍ കഴിയുന്നോ അപ്പോള്‍ വിളിച്ചു പറഞ്ഞാല്‍ സൌകര്യം പോലെ വന്നു തുറന്നു വിടും. ഒരു ദിവസം ഒന്നൊന്നര ലക്ഷം റിയാലിന്‍റെ വരുമാനമുള്ള മുതലാളി, അകത്തിരുന്നു പണിയെടുക്കുന്ന തൊഴിലാളികള്‍ വെള്ളം കുടിക്കുന്നുണ്ടോ, ഉറക്കം തൂങ്ങുന്നുണ്ടോ എന്നറിയാന്‍ ചില്ലുഭിത്തികള്‍ മാത്രമുള്ള കമ്പനിയുടെ പിന്നാമ്പുറത്തു കൂടി കള്ളനേപ്പോലെ ഒളിഞ്ഞു നോക്കിയ സംഭവങ്ങള്‍ നിരവധി. ഞങ്ങളോടൊപ്പമുണ്ടായിരുന്ന മറ്റൊരുവന്‍ ഒരിക്കല്‍ രാത്രി വിശപ്പും ദാഹവും സഹിക്കാതെ ഒരു കപ്പ് വെള്ളം കുടിച്ചതിന് പിറ്റേ ദിവസം പതിനഞ്ചു റിയാല്‍ (ആയിരത്തി അഞ്ഞൂറു രൂപയ്ക്കു മുകളില്‍ വരും) ഫൈന്‍ അടിച്ചെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ആ മനുഷ്യനെ നേരില്‍ അറിയുന്നവര്‍ ഇതല്ല ഇതിനപ്പുറവും വിശ്വസിക്കും.

ടൈ ചുളുങ്ങിയാല്‍ അഞ്ചു റിയാല്‍, ഇടവേളകളില്‍ അയാളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ട്രോളീ വലിക്കാന്‍ ചെല്ലണമെന്നാണു നിയമം അങ്ങനെ നടക്കുന്നതിനിടയില്‍ ഷൂവിലെ പോളീഷ് ഇളകിയാല്‍ അഞ്ചു റിയാല്‍, ഷര്‍ട്ട് ചുളുങ്ങിയാല്‍ അഞ്ചു റിയാല്‍, മലയാളികള്‍ മാത്രമുള്ള ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ മലയാളം പറഞ്ഞാല്‍ പത്തു റിയാല്‍ ഇങ്ങനെ പോകും വൌച്ചറില്ലാ ഫൈനിന്‍റെ ഗ്രാഫ്. ചുരുക്കിപ്പറഞ്ഞാല്‍ തരുന്ന ശമ്പളത്തിന്‍റെ പകുതിയിലേറെ ഇങ്ങനെ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കട്ട് ചെയ്യും.

ഞാന്‍ ചെന്ന ദിവസം മുതല്‍ സഹപ്രവര്‍ത്തകരുടെ മുഖത്തുണ്ടായിരുന്ന ഭാവവ്യത്യാസത്തിന്‍റെ കാരണം വളരെ വൈകിയാണ് ഞാന്‍ അറിയുന്നത്. എന്നെ റിക്രൂട്ട് ചെയ്യുന്നത് അവരെയൊക്കെ പുകച്ചു പുറത്തു ചാടിക്കാനാണെന്ന് മാഡം അവരോട് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ കാലക്രമേണ അവരുടെ തട്ടിപ്പ് എല്ലാവര്‍ക്കും മനസ്സിലായി.

ദിലീപ് ഊര്‍ജ്ജ്വസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു. നല്ല പെരുമാറ്റവും, മര്യാദയും, നന്നായി ജോലിചെയ്യുകയും ചെയ്യുന്ന ഒരു പാവം പയ്യന്‍. ഒരു ദിവസം മാഡത്തിനും മുതലാളിക്കും ഭക്ഷണം വാങ്ങാന്‍ ദിലീപിനെ പറഞ്ഞു വിട്ടു. വാങ്ങേണ്ടിയിരുന്ന സാധനത്തിന്‍റെ മെനു എഴുതിക്കൊടുത്തത് അവന്‍റെ കൈ പിടിച്ചു തിരിച്ച് കൈവെള്ളയില്‍ !. (ലണ്ടനില്‍ നിന്നും എം ബി എ എടുത്തവര്‍ക്കൊക്കെ അങ്ങനെ ആകാമായിരിക്കും) എന്നാല്‍ ആത്മാഭിമാനമുള്ള മലയാളിക്ക് ഇത് അപമാനം തന്നെയാണ്. അവന്‍ വെളിയിലിറങ്ങി നിന്നിട്ട് ആരോടെന്നില്ലാതെ നാലു ചീത്ത പറഞ്ഞു. (അവന്‍ ചീത്തയല്ലേ പറഞ്ഞുള്ളൂ). എന്നാല്‍ അവിടെ തന്നെയുള്ള ഉപജാപകവൃന്ദങ്ങളില്‍ ഒരുവന്‍ ഇതു ചെന്നു മാഡത്തിന്‍റെ മുന്‍പില്‍ ഉണര്‍ത്തിച്ചു. ആ സ്ത്രീ ഇതു ചെന്നു മുതലാളിയോടു പറഞ്ഞെന്നു മാത്രമല്ല ഒന്നുമറിയാതെ നിന്ന ഞാന്‍ കൂടി അതിനു സാക്ഷിയാണെന്നും പറഞ്ഞു. മനസാ വാചാ അറിയാത്തവരെ പിടിച്ചു സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കുന്നത് അവരുടെ സ്ഥിരം പരിപാടിയാണ്. ഒരു ഉളുപ്പുമില്ലാതെ സ്വന്തം നിലനില്‍‍പ്പിനു വേണ്ടി ഇങ്ങനെയും പച്ചക്കള്ളം പറയുന്ന ഒരു വ്യക്തിയെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇല്ല എന്ന് എതിര്‍ക്കുവാന്‍ കഴിയുന്ന സാഹചര്യമല്ല ആ കമ്പനിയില്‍. കാരണം ഞങ്ങളെല്ലാം ഗള്‍ഫിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവര്‍. ഒമാനി ലേബര്‍ ലോയെക്കുറിച്ചോ ഇവിടുത്തെ സ്വാതന്ത്ര്യങ്ങളെക്കുറിച്ചോ ഒന്നും യാതൊരു ധാരണയുമില്ലത്തവരായിരുന്നു ഞങ്ങളെല്ലാം. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്നാണെങ്കില്‍ തീര്‍ച്ചയായും ഈ അനീതിയെ ഞാന്‍ എതിര്‍ക്കുമായിരുന്നു. അന്ന് ആ പാവം സുഹൃത്ത് - ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ ആദ്യമായി എന്നെ നോക്കി ചിരിച്ച സഹപ്രവര്‍ത്തകന്‍- ബലിയാടാവുന്നതില്‍ എനിക്കും തള്ളിക്കളയാനാവാത്ത ഒരു പങ്കുണ്ട് എന്ന് കുറ്റബോധത്തോടെ ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ ഇതു പറഞ്ഞില്ലെങ്കില്‍ അതിന്‍റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നു പറഞ്ഞവര്‍ ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ ആ ചതിക്കു കൂട്ടു നില്‍ക്കേണ്ടി വന്നു. ദിലീപ് ഈ കുറിപ്പ് വായിക്കനിടയുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും അവന്‍ എന്നെ വെറുക്കാതിരിക്കട്ടെ. ഗള്‍ഫില്‍ കഴിയുന്ന ഓരോ നിമിഷവും ഞാന്‍ അവനെ ഓര്‍ക്കുന്നു.

അന്നുമുതല്‍ പരസ്യമായി അവന്‍ ഏറ്റുവാങ്ങിയിട്ടുള്ള അപമാനം ചില്ലറയല്ല. അവനെക്കൊണ്ട് പരസ്യമായി ആവര്‍ത്തിച്ചാവര്‍ത്തിച്ചു മാപ്പു പറയിപ്പിച്ചു. കഠിനമായ ജോലികള്‍ തുടര്‍ച്ചയായി നല്‍കി, കഷ്ടപ്പെടുത്താവുന്നതിന്‍റെ പരമാവധി കഷ്ടപ്പെടുത്തി. അവസാനം കിട്ടിയ അവസരത്തില്‍ അവനൊരു പണി തിരിച്ചു കൊടുത്തു. അവന്‍റെ വാര്‍ഷികാവധി വന്നു. മുതലാളിയെക്കൊണ്ട് വിസ പുതുക്കിപ്പിച്ച് അവന്‍ ലീവിനു നാട്ടില്‍ പോയി. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ നാട്ടിലേക്കു വിളിച്ചു. ആ സമയം അവന്‍ വേറെ നല്ല ജോലി കിട്ടി ദുബായില്‍ എത്തിയിരുന്നു. അവന്‍റെ വിസ എടുക്കാന്‍ കമ്പനി ചിലവാക്കിയ കാശ്‌ കമ്പനിക്ക്‌ നഷ്ടം. അങ്ങനെ ഞാന്‍ ചെന്ന് ഒരു മാസത്തിനകം ദിലീപ് സ്ഥലം കാലിയാക്കി. ഇപ്പോള്‍ കമ്പനിയില്‍ ആകെയുള്ളത് മൂന്നു വിഷ്വലൈസര്‍മാരും, ഒരു മീഡിയ മാനേജരും, ഒരു അക്കൌണ്ടന്‍റും, പിന്നെ മാഡവും ആകെ ആറു പേര്‍.

ഈ സമയത്താണ് ജീവിതത്തില്‍ ആദ്യമായി സ്വന്തം തൊഴിലിനെയും, അവനവനോടു തന്നെയും വെറുപ്പു തോന്നിപ്പോയ ഒരു സംഭവം ഉണ്ടാകുന്നത്.

14 comments:

Unknown said...

രണട് ബാഗവും വായിഛു............തീവ്രമാകുന്ന ഹ്രുദയ വികാരങള്‍ ........അല്‍ പം എന്നിലേക്കും പടര്‍ ന്നു.....തുടര്‍ ന്ന് കാത്തിരിക്കുന്നു

★ Shine said...

Continue..I am sure, it'll help many others who are dreaming about Gulf..

OAB/ഒഎബി said...

തീർച്ചയായും......

ഗന്ധർവൻ said...

തുടരുക.............

മാണിക്യം said...

ആല്‍ത്തറയില്‍ ഇത്ര നല്ല ഒരു പോസ്റ്റ് ഇട്ടതിനു നന്ദി..

ഇത്രയും നന്നായി എഴുതുന്നതിനു മനസ്സിന്റെ അടിതട്ടില്‍ നിന്ന് അഭിനന്ദനം ..

എത്ര ആളുകള്‍ ആണു വര്‍ഷങ്ങള്‍ ആയി ഇങ്ങനെ വഞ്ചിക്കപ്പെടുന്നത്...
പലരും ഒന്നും പുറത്ത് പറയില്ലാ. എത്ര പേരെന്നൊട് പറഞ്ഞിട്ടുണ്ട് "അയ്യോ എന്നെ ഈ നിലയില്‍ ഇവിടെ കണ്ടെന്ന് എന്റെ വീ‍ട്ടില്‍ അറിയല്ലെ ഒന്നും അവിടെ അറിയിക്കരുതേ......"
ചിലപ്പോള്‍ സങ്കടം തോന്നും 12 മണിക്കൂറില്‍ കൂടുതല്‍ 7 ദിവസവും ജോലി ശരിക്ക് ഭക്ഷണം ഉറക്കം ഒന്നും ഇല്ല. ഒരു മുറിയില്‍ 40നു മുകളില്‍ ആള്‍ക്കാര്‍ ബങ്ക് ബഡ് ഒരു തട്ടില്‍ തന്നെ രണ്ട് പേര്‍ .... എന്നിട്ട് നാട്ടിലുള്ളവര്‍ അവനീ കഷ്ടപ്പെട്ടയക്കുന്നതും കൊണ്ട് കാണിക്കുന്ന ധൂര്‍ത്ത് കാണുമ്പോള്‍ അവറ്റകളെ വെട്ടി കൊല്ലാന്‍ തോന്നും!

അത് ജീവിതത്തിന്റെ തന്നെ മറുവശം ...
ഗള്‍ഫില്‍ എത്തുന്നവന്‍ അവിടെ പെട്ടതു തന്നെ ..... മീന്‍ചന്തയില്‍പെട്ട നായെ പോലെ എല്ലാ മീങ്കാരും തല്ലും അത് മീങ്കുട്ട കെട്ടുന്ന വാറുകോണ്ട്, അടി കൊണ്ടിടം നക്കി കൊണ്ട് നായ വീണ്ടും അവിടെ തുടരും എത്ര എങ്കിലും കാലം!
"ഒരു മീന്‍ തനിക്കായ് കിട്ടാതെ വരില്ലാ"
എന്നാ ചിന്തയോടേ.....
കിട്ടുന്ന അടി ഒക്കെ ആ വിചാരത്തില്‍ മറക്കും.
അതോ മറന്നുന്ന് നടിക്കുകയോ?

ബാക്കിക്കായി കാത്തിരിക്കുന്നു തുടരുക....

Typist | എഴുത്തുകാരി said...

തീര്‍ച്ചയായും തുടരണം.

മാഹിഷ്മതി said...

നിർബന്ധമായും തുടരണം

മാഹിഷ്മതി said...

നിർബന്ധമായും തുടരണം

നീര്‍വിളാകന്‍ said...

തുടരുക സുഹൃത്തെ.... ഞനുള്‍പ്പെടുന്ന പ്രവാസി സമൂഹത്തിനു നേരെ തുറന്നു വച്ചിരിക്കുന്ന ഒരു കണ്ണാടിയല്ലെ ഈ ലേഖനം... തീര്‍ച്ചയായും തുടരണം.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സേതുലക്ഷ്മി said...

Good writing.

ബിന്ദു കെ പി said...

തുടരൂ....തുടരണം...

ബിന്ദു കെ പി said...

തുടരൂ....തുടരണം...

Rakesh R (വേദവ്യാസൻ) said...

തുടരൂ...

poor-me/പാവം-ഞാന്‍ said...

അല്ല പിന്നെ..