Wednesday, June 15, 2011

അയാള്‍ ഞാനാണ്പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന് നന്ദഗോപാല്‍ പുറത്തേയ്ക്ക് നോക്കി. മാനം ഇരുണ്ടുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. ഒപ്പം മനവും.

ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും ഒന്ന് മയങ്ങുകയാണ്. എല്ലാവരും എന്ന് പറയുമ്പോള്‍ പ്രായമായ അമ്മ, ഭാര്യ ചാന്ദിനി, അനന്തു എന്ന് വിളിക്കുന്ന മൂന്ന് വയസ്സുള്ള ഇളയമകന്‍ അനന്തകൃഷ്ണന്‍. ഏഴ് വയസ്സുള്ള മൂത്തമകള്‍ പാറുക്കുട്ടി എന്ന പാര്‍വ്വതി അകത്തിരുന്ന് ടി. വി. യില്‍ ഏതോ കാര്‍ട്ടൂണ്‍ കാണുന്നു. 

പക്ഷെ, അയാള്‍ക്ക് മാത്രം ഒന്നിനും കഴിയുന്നില്ല. ഉറങ്ങാനായി ചെന്നുകിടന്നതാണ്. പക്ഷെ, കണ്ണടയ്ക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത്....!

മയങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അച്ഛന്റെ മണം ഇനിയും പോയിട്ടില്ലാത്ത (എന്ന് അയാള്‍ വിശ്വസിക്കുന്ന) ചാരുകസേരയില്‍ വന്നിരുന്നു. 

അത് നന്ദഗോപാലിന്റെ ശീലമായിരുന്നു. മനസ്സ് കലുഷമാകുമ്പോള്‍ ഈ ചാരുകസേര അയാള്‍ക്ക് ഒരാശ്വാസമായിരുന്നു. നെറുകയില്‍ തലോടി എല്ലാം ശരിയാകും എന്ന് പറഞ്ഞാശ്വസിപ്പിക്കുന്ന അച്ഛന്റെ അദൃശ്യസാന്നിദ്ധ്യം അയാളുടെ മനസ്സിനെ തണുപ്പിക്കുമായിരുന്നു.

പക്ഷെ, ഇന്ന് നന്ദഗോപാല്‍ ശരിക്കും തളര്‍ന്നുപോയിരിക്കുന്നു. സ്വന്തം മനസ്സ്, ചിലമ്പെടുത്ത് അലറിത്തുള്ളി അട്ടഹസിക്കുന്ന കോമരം പോലെ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രതിക്കൂട്ടിലെന്നപോലെ അയാളുടെ ശരീരം വിറച്ചു.

മഴയുടെ മുന്നോടിയായി വീശിയ തണുത്ത കാറ്റ് അയാളെ തഴുകി കടന്നുപോയി. പക്ഷെ, ആ കാറ്റിന്റെ സ്പര്‍ശവും പുറകെ ഒരു ആര്‍ത്തനാദത്തോടെ എത്തിയ മഴയുടെ കുളിര്‍മ്മയും തന്നെ പൊള്ളിക്കുന്നതുപോലെ നന്ദഗോപാലിന് തോന്നി. 

തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങുകയാണ് മഴ, ചാഞ്ഞും ചരിഞ്ഞും കാറ്റടിക്കുമ്പോള്‍ കിതപ്പടക്കിയും. അയാള്‍ വരാന്തയുടെ അരികിലേയ്ക്ക് നീങ്ങിനിന്നു. മേല്‍ക്കൂരയില്‍ നിന്നും ഒളിച്ചിറങ്ങുന്ന മഴയുടെ നേര്‍വരകളിലേയ്ക്ക് നന്ദഗോപാല്‍ കൈ മെല്ലെ നീട്ടി. വിരല്‍ത്തുമ്പുകളിലൂടെ ഒരു തണുപ്പ് മുകളിലേയ്ക്ക് അരിച്ചുകയറി, മനസ്സിലെത്താതെ പാതിവഴിയില്‍ എവിടെയോ മറഞ്ഞു.

ആഞ്ഞുവീശിയ ഒരു കാറ്റില്‍ മഴത്തുള്ളികള്‍ മുഖത്തേയ്ക്ക് തെറിച്ചുവീണപ്പോള്‍ അയാള്‍   മുഖമൊന്നമര്‍ത്തി തുടച്ചു.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയ്ക്കാണ് നന്ദഗോപാല്‍ ആ യുവാവിനെ ആദ്യമായും അവസാനമായും കാണുന്നത്. നല്ല ഇരുട്ടായതിനാല്‍ മുഖം വ്യക്തമല്ലായിരുന്നു. പക്ഷെ, ഏതോ വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ റോഡില്‍ വീണുകിടന്നിരുന്ന അയാളുടെ ചോരയോലിക്കുന്ന മുഖം മിന്നായം പോലെ ഒന്നുകണ്ടു. മറിഞ്ഞുകിടന്നിരുന്ന ബൈക്കില്‍ കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. നിര്‍ത്താതെ പോകുന്ന വാഹനങ്ങളില്‍ ദയനീയമായി നോക്കി നിലവിളിച്ചുകൊണ്ട് നാവ് കുഴഞ്ഞ ശബ്ദത്തില്‍ അയാള്‍ എന്തോ അപേക്ഷിക്കുന്നുണ്ടായിരുന്നു.

അങ്ങനെ നിര്‍ത്താതെ പോയ അനേകം വാഹനങ്ങളിലൊന്ന്  നന്ദഗോപാലിന്റെ കാറായിരുന്നു. കുറെ ദൂരം ചെന്നിട്ട് അയാള്‍ കാര്‍ റോഡിന്റെ ഒരുവശത്തേയ്ക്കൊതുക്കിയിട്ട് ഒന്നാലോചിച്ചു. ജീവന് വേണ്ടി കേഴുന്ന ഒരാളെ കണ്ടില്ലെന്ന് നടിച്ചത് ശരിയാണോ? അയാള്‍ വാച്ചില്‍ നോക്കി. സമയം ഒരുമണി.

അയാളുടെ ഉള്ളില്‍ ഒരു കുറ്റബോധം നീറിപ്പുകഞ്ഞുതുടങ്ങി. ഉറങ്ങാതെ കാത്തിരിക്കുന്ന ഒരു കുടുംബം അയാള്‍ക്കും ഉണ്ടാവില്ലേ. ചിലപ്പോള്‍, റോഡില്‍ ചിതറി വീണ സാധനങ്ങളില്‍ ഒരു കുഞ്ഞ് കളിപ്പാട്ടവും ഫ്രോക്ക് ഉടുപ്പും ഉണ്ടാവില്ലേ?

പക്ഷെ, രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ആശുപത്രി, പോലീസ്, കോടതി, സാക്ഷി വിസ്താരം ... പൊല്ലാപ്പുകള്‍ അങ്ങനെ പലത്. മാത്രമല്ല, വീട്ടുകാരുടെ കാര്യം നോക്കാന്‍ തന്നെ സമയം തികയുന്നില്ല. നുള്ളിപ്പൊളിച്ചുനോക്കിയാല്‍ പിന്നെയും കാരണങ്ങള്‍ ഒരുപാട്.

അങ്ങനെ മനഃസാക്ഷിയുടെ തുലാസ്സില്‍ സ്വാര്‍ത്ഥതയുടെ തട്ടിന് കനം കൂടിയപ്പോള്‍ നന്ദഗോപാല്‍ തിരിഞ്ഞുനോക്കാതെ തന്റെ യാത്ര തുടര്‍ന്നു. കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ വഴിയില്‍ എവിടെയോ ഹൈവേ പോലീസിനെ കണ്ട് അയാള്‍ ആശ്വസിച്ചു. ഭാഗ്യം! അവര്‍ രക്ഷിക്കും അയാളെ.

പക്ഷെ, ഹൈവേ പോലീസ് രക്ഷിച്ചില്ല ആ ചെറുപ്പക്കാരനെ. അല്ലെങ്കില്‍ അങ്ങനൊരു പത്രവാര്‍ത്ത....! രാവിലെ കാപ്പി മൊത്തിക്കുടിച്ചുകൊണ്ട് ആ വാര്‍ത്ത വായിച്ചപ്പോള്‍ മുതലാണ് നന്ദഗോപാലിന്റെ മനസ്സ് ഒരു ഉമിത്തീ പോലെ എരിഞ്ഞുനീറാന്‍ തുടങ്ങിയത്. പിന്നീടുള്ള ഓരോ ചലനത്തിലും അയാളെ പിന്തുടരുന്നു ദയനീയമായ ആ മുഖം.

ചാന്ദിനിയുടെ മന്ദഹാസത്തിനും അമ്മയുടെ വാല്‍സല്യം കലര്‍ന്ന പരിഭവത്തിനും മക്കളുടെ കുറുമ്പുകള്‍ക്ക് മുന്നിലും ഒരു അപരിചിതനെപ്പോലെ അയാള്‍ പകച്ചുനിന്നു. അയാളുടെ കവിഹൃദയത്തിനെ എന്നും തൊട്ടണര്‍ത്തിയിരുന്ന മഴയുടെ ആര്‍ദ്രസ്പര്‍ശം ഇന്ന് അയാളെ ചുട്ടുപ്പൊളിക്കുന്നു.

തുളസിത്തറയിലെ നനഞ്ഞുകുതിര്‍ന്ന കൃഷ്ണത്തുളസിയുടെ ഇലകളില്‍ മഴക്കാലത്തിന്റെ വെള്ളിനിറം തിളങ്ങി. കനമുള്ള മഴനൂലുകള്‍ പുളഞ്ഞിറങ്ങുന്ന പുമുഖവും കഴിഞ്ഞ് നന്ദഗോപാലിന്റെ നോട്ടം പടിവാതില്‍ക്കലെത്തി. ആരൊക്കെയോ മഴ നനയാതെ കുട പിടിച്ച് അവിടെ നില്ക്കുന്നു. അയാള്‍ നോക്കി നില്‍ക്കേ കുട പിടിച്ചവരുടെ എണ്ണം കൂടിവരുന്നു.

ഒന്ന്...രണ്ട്.. മൂന്ന്...

അങ്ങനെ നിമിഷനേരം കൊണ്ട് മുറ്റവും പൂമുഖത്തിണ്ണയും ആളുകളെകൊണ്ട് നിറഞ്ഞു. എല്ലാവരും ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുകയാണ്. ഒടുവില്‍ സൈറണ്‍ മുഴക്കി ആളുകളുടെ ഇടയിലൂടെ ഒരു ആംബുലന്‍സ് വന്ന് മുറ്റത്ത് നിര്‍ത്തി. അതില്‍ നിന്ന് മുഖം പോലും കാണാന്‍ കഴിയാത്ത വിധം  വെള്ളത്തുണിയില്‍ മൂടികെട്ടിയ ഒരു മൃതദേഹം പുറത്തെടുത്തു. അതില്‍ രക്തം കിനിഞ്ഞ വലിയ പാടുകള്‍ ഉണ്ടായിരുന്നു. ചന്ദനത്തിരികളുടെ രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ പരന്നു. പെട്ടെന്ന് അലമുറയിട്ടുകൊണ്ട് അകത്തുനിന്ന് പാഞ്ഞുവന്ന ചാന്ദിനിയെ ആരൊക്കെയോ ചേര്‍ന്ന് പിടിച്ചുനിര്‍ത്തി. അവളെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന പാറുക്കുട്ടി. അനന്തു ഒന്നുമറിയാതെ ഒരു കളിപ്പാട്ടം തിരിച്ചും മറിച്ചും നോക്കുന്നു. അമ്മ അകത്തെ മുറിയില്‍ തളര്‍ന്നുകിടക്കുകയാണെന്ന് ആരോ അടക്കം പറഞ്ഞു.

നന്ദഗോപാല്‍ അമ്പരന്നുനിന്നു.

"തണുപ്പ് കൊള്ളാതെ കേറി വാ നന്ദേട്ടാ"

ചാന്ദിനി പറഞ്ഞതുകേട്ട് അയാള്‍ ഒന്നുഞെട്ടി. പിന്നെ, പരിഭ്രമത്തോടെ ചുറ്റും നോക്കി. തകര്‍ത്തുപെയ്യുന്ന മഴയില്‍ മുറ്റവും പൂമുഖത്തിണ്ണയും വിജനം. അപ്പോള്‍ ആളുകളും ആംബുലന്‍സും? എല്ലാം തോന്നലായിരുന്നോ?

"എന്തൊരു നശിച്ച മഴയാണ്, ഈശ്വരാ!" അവള്‍ മഴയെ പ്രാകിക്കൊണ്ട് നന്ദഗോപാലിന്റെ അടുക്കലേയ്ക്ക് വന്നു. ആ മഴയുടെ തണുപ്പിലും അയാളുടെ മുഖം വിയര്‍ത്തിരിക്കുന്നത് കണ്ട് ചാന്ദിനി സംശയത്തോടെ ചോദിച്ചു,

"എന്തുപറ്റി നന്ദേട്ടാ? രാവിലെ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു. എന്തോ നന്ദേട്ടനെ അലട്ടുന്നുണ്ട്. എന്താണേലും പറയൂന്നേ"

നന്ദഗോപാല്‍ രണ്ട് കൈകളും കൊണ്ട് മുഖം അമര്‍ത്തിതുടച്ചിട്ട് പറഞ്ഞു,

"ഇന്നലെ വെളുപ്പിന് ഒരു അപകടം കണ്ട കാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ. ആ ചെറുപ്പക്കാരന്‍ .... അയാള്‍ ... അയാള്‍ മരിച്ചു, ഇന്നത്തെ പത്രത്തിലുണ്ട്."

ചാന്ദിനി ഒരു ഞെട്ടലോടെ 'ഈശ്വരാ' എന്ന് പിറുപിറുക്കുന്നത് അയാള്‍ കണ്ടു. അവള്‍ പത്രമെടുക്കാനായി ആഞ്ഞപ്പോള്‍ നന്ദഗോപാല്‍ ആരോടെന്നില്ലാതെ പറഞ്ഞു,

"ആ മരിച്ചത് ഞാനാണ്. മനഃസാക്ഷി മരവിച്ച എന്റെ സ്വാര്‍ത്ഥത കൊന്നത് എന്നെത്തന്നെയാണ്. "

ചാന്ദിനി പത്രമെടുത്ത് പേജുകള്‍ മറിച്ചുനോക്കി.

രക്ഷപ്പെടുത്താന്‍ ആരുമില്ലാതെ  റോഡില്‍ മണിക്കൂറോളം കിടന്ന്, രാത്രിയില്‍ എപ്പഴോ ചീറിപ്പാഞ്ഞുവന്ന രണ്ട് ടാങ്കര്‍ ലോറികള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ് ഛിന്നഭിന്നമായിപ്പോയ, ഭാര്യയും രണ്ട് മക്കളുമുള്ള യുവാവിനെക്കുറിച്ചുള്ള വാര്‍ത്ത... അത് മുഴുവന്‍ വായിക്കാനാവാതെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

നന്ദഗോപാല്‍ അപ്പോഴും കനമുള്ള മഴനൂലുകള്‍ നോക്കിനില്‍ക്കുകയായിരുന്നു. രക്തം പുരണ്ട ഒരു കുഞ്ഞ് കളിപ്പാട്ടവും ഒരു ഫ്രോക്ക് ഉടുപ്പും അപ്പോഴും അയാളെ വേദനിപ്പിച്ചു.

ബ്ളോഗ് സുവനീർ വിതരണം തുടങ്ങി


പ്രിയ സുഹൃത്തുക്കളെ,
തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റിനോട് അനുബന്ധിച്ച് ഒരു മാഗസിന്‍ അണിയറയില്‍ തയ്യാറായികൊണ്ടിരുന്ന വിവരം ഏവര്‍ക്കും അറിയാമല്ലോ?
നമ്മുടെ മാഗസിന്റെ "ഈയെഴുത്ത് 2011" പ്രിന്റിംഗും ബൈൻഡിംഗും മുഴുവൻ ജോലിയും തീർന്നു, വിതരണത്തിനു തയ്യാറായ വിവരം അറിയിക്കുന്നു..

അഡ്വാൻസ് പണം തന്നവർക്ക് കൊറിയർ അയയ്ക്കുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. വി.പി.പി. അയയ്ക്കാൻ പറഞ്ഞവർക്ക് സൈകതത്തിന്റെ നേതൃത്വത്തിൽ വിതരണം ആരംഭിച്ചു.

ആയിരം കോപ്പി അച്ചടിച്ച പുസ്തകത്തിന്‌ ഡിസൈനിങ്ങ് കൂടാതെ പ്രിന്റിംഗിൻ മാത്രമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോളം ചിലവു വന്നു, ഡൈസൈനിംഗ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി മറ്റു ചിലവുകൾ, വേറെയും..

ഏറ്റവും ചുരുങ്ങിയത് ഒരു പുസ്തകത്തിന്‌ 100 രൂപ വീതം ലഭിച്ചാൽ മാത്രമേ ബ്ളൊഗർമാർ അഡ്വാൻസ് ആയി മുടക്കിയ പണം തിരിച്ചു കിട്ടൂ!

(അജിത് നീർവിളാകൻ, പകൽക്കിനാവൻ, മനോരാജ്, ഡോ. ജയൻ, ഗീതാരാജൻ, ചന്ദ്രകാന്തം, ജുനൈദ്, കൊട്ടോട്ടിക്കാരൻ, മുരളീ മുകുന്ദൻ ബിലാത്തിപട്ടണം, രൺജിത്ത് ചെമ്മാട് , ജസ്റ്റിൻ ജേക്കബ് (സൈകതം) തുടങ്ങിയവരും മറ്റു പലരും ചെറിയതുകകളിലൂടെയുമൊക്കെയാണ്‌ ഇതിനുള്ള തുക കണ്ടെത്തിയത് എന്നതിനാൽ ഈ അവസരത്തിൽ അവർക്ക് നന്ദി രേഖപ്പെടുത്തുന്നു)

240 പേജ് A/4 സൈസിൽ, നാചുറൽ ഷേഡിന്റെ മനോഹരമായ പേപ്പറിൽ, അമ്പതോളം പേജുകൾ മൾട്ടി കളർ അച്ചടിയിൽ, 250 ഓളം ബ്ളോഗർമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരുക്കിയ സുവനീർ ആവശ്യമുള്ളവർ, ചിലവുതുകയായ നൂറു രൂപയും V.P.P, Corier ചാർജ് ആയ അമ്പത് രൂപയും നൽകിയാം സുവനീർ ലഭ്യമാകും.

V.P.P ആയി ആവശ്യമുള്ളവർ പോസ്റ്റൽ അഡ്രസ്സ് link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുമല്ലോ?

കൊറിയർ വേണമെന്നുള്ളവർ താഴെയുള്ള ഏതെങ്കിലും ബാങ്ക് അകൗണ്ടിലേയ്ക്ക് പണം അയച്ച് ആ വിവരം link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യൂ...
കൂടുതൽ കോപ്പി ഒന്നിച്ച് ഒരു ഭാഗത്തേയ്ക്ക് കൊറിയർ അയയ്ക്കുമ്പോൾ, കൊറിയർ ചാർജ്ജ് കുറവേ വരൂ, അതുകൊണ്ട് കൂടുതൽ കോപ്പി ആവശ്യമുള്ളവർ കൊറിയർ രീതി അവല്ംഭിക്കുന്നതാവും ഉചിതം!
ഏകദേശം 5 ബുക്ക് വരെ 100 രൂപയോളമേ വരൂ എന്നാണ്‌ കരുതുന്നത്!

ലൊക്കേഷനും വേണ്ട ബുക്കുകളുടെ എണ്ണവും മെയിൽ ചെയ്താൽ കൊറിയർ ചാർജ്ജ് എത്രയെന്ന് അറിയിക്കാം....

ഇന്ത്യയിലേയ്ക്കുള്ള വിതരണ സംവിധാനമേ ഇപ്പോൾ നിലവിൽ ലഭ്യമായിട്ടുള്ളൂ എന്ന് വ്യസനപൂർവ്വം അറിയിക്കുന്നു....

മനോരാജ്, കൊട്ടോട്ടിക്കാരൻ, ദിലീപ (മത്താപ്) യൂസുഫ്പ, സൈകതം ബുക്സ് , എന്നിവരെ സമീപിച്ചാൽ പുസ്തകം നേരിട്ട് വാങ്ങാം.
താമസിയാതെ എല്ലാ ജില്ലകളിലുമുള്ള ബ്ളോഗർ പ്രതിനിധികളുടെ പക്കൽ ലഭ്യമാക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു...

മറ്റാർക്കെങ്കിലുമോ, ഏതെങ്കിലും സ്ഥാപനത്തിലോ, ലഭ്യമാക്കാൻ (Stockist) കഴിയുമെങ്കിൽ അറിയിക്കാം..... ആ വിവരം മെയിൽ ചെയ്യുമല്ലോ?

മാഗസിന്റെ ഇൻഡെക്സ്, എഡിറ്റോറിയൽ പേജ് സ്ക്രൈബിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
http://www.scribd.com/doc/57279555/Blog-Magazine#
ഈ ലിങ്ക് വഴി പോയാൽ ഡൗൺലോഡ് ചെയ്തെടുക്കാം....

സുവനീറിന്റെ വെബ് എഡിഷനും പി.ഡി.എഫ് വേർഷനും ഉടൻ ലഭ്യമാകും എന്നറിയിക്കട്ടെ...

Special thanks to all of our sponsors

Servizio : Full Page Back cover
Jasem Jedhah Inner Cover
Lipi Books
India video Magazine
align Web Hosting
Zion Computer
Aseel Agencies
Sign Root Technology
Barns chicken half
Kuzhoor vilson Book Half Page
Caspian half Quarter
Saikatham Books

സൈകതം ബുക്സിന്റെ പ്രവർത്തകരായ ജസ്റ്റിൻ ജേക്കബും, നാസർ കൂടാളിയും ഈ സംരംഭത്തോട് എല്ലാ രീതിയിലും സഹകരിക്കുകയും ഇതിന്റെ വിജയത്തിനായി സമയം കണ്ടെത്തുകയും ചെയ്തു എന്ന് നന്ദിപൂർവ്വം സ്മരിക്കുന്നു...

അകൗണ്ട് വിവരങ്ങൾ:
(വ്യത്യസ്ഥബാങ്കുകളിൽ അകൗണ്ട് ഉള്ളവർക്ക് ഓൺലൈൻ ട്രാൻസ്ഫർ വഴി പണം അയയ്ക്കാനുള്ള സൗകര്യത്തിനാണ്‌ വ്യത്യസ്ഥമായ അകൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നത്)

Ranjith Chemmad
Account Holder Name : Ranjith P
Account Number : 0393051000040220
Bank : South Indian Bank
Branch : Chemmad, Tirurangadi
IFSC Code : SIBL0000393
Malappuram Dt. Kerala

Saikatham Books
Account Holder Name : Saikatham Books
Account Number : 31263972261
Bank : State Bank of India
Branch : Kothamangalam

N.B. Suresh
Account Holder Name : N. suresh Kumar
Account Number : 31178
Bank : Canara Bank
Branch : Punaloor

Mohamed Yousuff. P.A.
Account Holder Name : Mohamed Yousuff. P.A.
Account Number : 12861000004965
Bank : HDFC,
Branch :Edappally branch,Kochi.

ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പഴയ പോസ്റ്റിൽ നിന്നും...


മലയാളം ബ്ളോഗിംഗ് ചരിത്രത്തിന്റെ തന്നെ ഭാഗമായ ബ്ളോഗ് സുവനീർ വെളിച്ചം കണ്ടു!

തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിനോടനുബന്ധിച്ച്, വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യണം എന്ന ചർച്ചകൾക്കൊടുവിലാണ്‌ മലയാളം ബ്ലൊഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തി ഒരു ബ്ളോഗ് സുവനീർ അച്ചടിച്ച് പുറത്തിറക്കുക എന്ന ആശയം ഉടലെടുത്തത്...

എൻ.ബി. സുരേഷ് ചീഫ് എഡിറ്ററായി 25ഓളം ബ്ളോഗർമാർ ചേർന്ന് എഡിറ്റോറിയൽ ബോർഡും പത്തോളം അംഗങ്ങളുള്ള ഒരു ടെക്നികൽ കമ്മറ്റിയും നൂറിനു മുകളിൽ അംഗങ്ങളുള്ള ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്നാണ്‌ ബ്ളോഗ് സുവനീർ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്!

മാസങ്ങളോളം നീണ്ട കഠിന പരിശ്രമത്തിന്റെ
ഫലമായി മലയാളം ബ്ളോഗുകളിൽ സജീവമായ അഞ്ചൂറോളം ബ്ളോഗർമാരുടെ വ്യത്യസ്ഥമായ പോസ്റ്റുകൾ 'മാഗസിൻ ആർട്ടിക്കിൾ' എന്ന ഗ്രൂപ് ബ്ളോഗിൽ പോസ്റ്റുകയും ചീഫ് എഡിറ്ററുടെ നേത്രൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, യാത്ര തുടങ്ങി
നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു...


250 പേജ് തീരുമാനിച്ച് സുവനീറിൽ, മികവുറ്റ സൃഷ്ടികളുടെ ആധിക്യം മൂലം പലതും ഉൾപ്പെടുത്താൻ കഴിയാതെ വ്യസനപൂർവ്വം മാറ്റി വെയ്ക്കേണ്ടി വന്നു...
തിരഞ്ഞെടുപ്പ് എന്ന അതിസങ്കീർണ്ണമായ പ്രക്രിയയ്ക്കായ് സുരേഷ്മാഷും കൂട്ടരും ജോലി പോലും മാറ്റി വച്ചു ഇതിനായ് സമയം കണ്ടെത്തി എന്നത് സ്തുത്യർഹമായ കാര്യമാണ്‌...
എകദേശം ഇരുനൂറിനടുത്ത് കവിതകളും 50 ഓളം കഥകളും ഇരുപതിനു മേൽ ലേഖനങ്ങളും നർമ്മവും പത്തോളം യാത്രാവിവരണങ്ങളും മറ്റു വിഭവങ്ങളും കൂടാതെ ബ്ളോഗ് തുടങ്ങുന്നതെങ്ങനെ, മലയാളം ബ്ളോഗിന്റെ നാൾവഴികളെക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള അനുസമരണം തുടങ്ങി വ്യത്യസ്ഥമായ ഒരു പാടു വിഭവങ്ങളാണ്‌ "ഈയെഴുത്ത് എന്ന ബ്ളൊഗ് സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്....


"ഈയെഴുത്ത്" വായിക്കുന്ന ബ്ളോഗേഴ്സ്
നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്,

പ്രൂഫ്, ഡിസൈനിംഗ്, ലേയൗട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗർമാർ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ മറ്റൊരു പ്രത്യേകത!

പ്രീപ്രസ്സ് ജോലികൾക്ക് പ്രസ്സുകൾ തന്നിരുന്ന ക്വട്ടേഷൻ 40000 രൂപയായിരുന്നു...
ആ തുകയാണ്‌ ബ്ളോഗിലെ സാങ്കേതിക വിദഗ്ദരുടെ ഇടപെടൽ മൂലം നമുക്ക് ലാഭിയ്ക്കാൻ കഴിഞ്ഞത്...


എന്നിട്ടും സൈകതം ബുക്സ് ഏറ്റെടുത്ത പ്രിന്റിംഗ്, വിതരണ ജോലികൾക്ക് ഒരു ലക്ഷത്തിനു മുകളിൽ ചിലവു വന്നു...

മറ്റൊരു പ്രധാന സവിശേഷത, പരസ്യങ്ങളുടെ അതിപ്രസരം ഇല്ലാതെ സുഗമമായ വായനാ സൗകര്യം ഒരുക്കുന്നു എന്നുള്ളതാണ്‌...
250 ൽ താഴെ പെജുകളുള്ള സുവനീറിൽ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുള്ളൂ..
ബാക്കിയെല്ലാം ബ്ളൊഗർമാരുടെ സൃഷ്ടികൾ ആണെന്നു പറയാം...