Saturday, August 8, 2009

ചാന്ത്

ചിങ്ങം പിറന്നാല്‍
പൂക്കള്‍ നിറഞ്ഞ്
തൊടികളൊക്കെയും
കൈകൊട്ടി പാടും പോല്‍.

ചാണകം കലക്കി
കളം മെഴുകി
ചെത്തീദളം കൊണ്ട്
മാവേലി എന്നെഴുതി
തുമ്പയുടെ പച്ചശിരസ്സില്‍
നിറയും വെണ്മയെ
ഊരിയെടുത്ത്
പാല്‍ക്കര
പിടിപ്പിക്കുന്നു.

ഉത്രാടരാത്രിയില്‍
ഓണം വിളിച്ച്
അരിമാവും കാച്ചിലും
ചേര്‍ത്ത് കട്ടിളപ്പടിയില്‍
ചാന്ത് വീഴ്ത്തുമ്പോള്‍
അറിഞ്ഞിരുന്നില്ല
ഉപ്പും ചോരയും
ചേര്‍ന്ന ചാന്തിന്‍ വരകളെ.

21 comments:

മനോഹര്‍ കെവി said...

നല്ല കവിത.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ഒരു താരാട്ട് ഗാനം മലയാളി മറക്കാന്‍ ഇടയില്ല. കോളേജില്‍ വച്ച് പ്രണയിച്ചു വിവാഹിതരായ റൊമാന്റിക്‌ നായികയും, വിപ്ലവകാരി ആയ നായകനും, ആദ്യത്തെ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്ന ഗാനം - വയലാറിന്റെ മനോഹരമായ വരികള്‍..............
കാല്പനികതയുടെ ചൂടില്‍ നായിക പാടുന്നു
"വൃശ്ചിക മാസത്തില്‍ ആദ്യത്തെ കുഞ്ഞിനു, വെള്ളോട്ട് പാത്രത്തില്‍ പാല്‍ക്കഞ്ഞി "
യാഥാര്‍ത്യബോധതോടെയും നിസ്സഹായനായി നായകന്‍ പൂരിപ്പിക്കുന്നു
"കണ്ണീരുപ്പിട്ടു, കാണാത്ത വറ്റിട്ട്, കര്‍ക്കിടകത്തില്‍ കരിക്കാടി ................

Rare Rose said...

ഓണത്തിന്റെ ഘോഷത്തോടൊപ്പം ഉപ്പും ചോരയും,ചേര്‍ന്ന ചാന്തിന്‍ വരകളെ കൂടി കാണിച്ചു തന്നതിനു നന്ദി.

Malayali Peringode said...

നന്നായിരിക്കുന്നു...
കവിതയെ വിമര്‍ശിക്കാനും ഇഴ പിരിച്ച്
അപഗ്രഥിക്കാന്നും ഉള്ള വിവരം ഇല്ലാത്തോണ്ട്

തത്കാലം വിട... :)

പൊറാടത്ത് said...

"അരിമാവും കാച്ചിലും
ചേര്‍ത്ത് കട്ടിളപ്പടിയില്‍
ചാന്ത് വീഴ്ത്തുമ്പോള്‍..."

ഓണക്കാലത്തെ സുഖകരമായ ഒരോര്‍മ്മ ഇതു തന്നെ. അതിന്റെ പിറകിലുമുണ്ടല്ലോ കുറച്ച് ഉപ്പും ചോരയും..

മാലാ തിലക് said...

പൂക്കളങ്ങളുടെയും
പൂനിലാവിന്റെയും
ആര്‍പ്പൂ വിളികളുടെയും
കൈകൊട്ടി പാട്ടിന്‍റെയും
നാളുകള്‍....
പോയ കാല വസന്തത്തിന്റെ
മധുര സ്മരണകള്‍ ഉണര്‍ത്തി
ഒരു ഓണം കൂടി...

റസാകൃഷ്ണ said...

"ചിങ്ങം പിറന്നാല്‍
പൂക്കള്‍ നിറഞ്ഞ്
തൊടികളൊക്കെയും
കൈകൊട്ടി പാടും പോല്‍."

ഇനി....ഒരു ഓണം കൂടി...
പൊയ്പ്പോയ ആ നല്ല നാളുകളുടെ ഓര്‍മ്മയില്‍
നിങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു

ഫസല്‍ ബിനാലി.. said...

ഉപ്പും ചോരയും
ചേര്‍ന്ന ചാന്തിന്‍ വരകളെ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഓര്‍മ്മയിലെ ഓണത്തിനും വരാനിരിക്കുന്നവക്കും
നിറങ്ങള്‍ പലതാണ്..

നല്ല വരികള്‍

മോഹനന്‍ നായര്‍ said...

കവിത മനോഹരം...

"തുമ്പയുടെ പച്ചശിരസ്സില്‍
നിറയും വെണ്മയെ"

തുമ്പ പൂവിന്റെ മനോഹാരിത .....

മാണിക്യം said...

കര്‍‌ക്കിടകത്തിലെ വറുതിക്കും
പെരുമഴക്കും ശേഷം
ചിരിച്ചെത്തുന്നാ ചിങ്ങമാസത്തിനും
ഓണത്തിനും വേണ്ടി കാത്തിരിക്കുന്ന
മലയാളിയുടെ മനസ്സില്‍ പൂക്കളം
നിറക്കുന്ന കാലം ഓണം

ആദര്‍ശ്║Adarsh said...

നല്ല ഓണക്കവിത ..പ്രത്യേകിച്ചും "തുമ്പയുടെ പച്ചശിരസ്സില്‍
നിറയും വെണ്മയെ
ഊരിയെടുത്ത്
പാല്‍ക്കര
പിടിപ്പിക്കുന്നു."ഈ വരികള്‍ ഇഷ്ടപ്പെട്ടു .

Jayasree Lakshmy Kumar said...

നല്ല വരികൽ

M.K.KHAREEM said...

ഒരുങ്ങുന്നു ഓണത്തിനായി...
തമിഴ്‌നാട്ടില്‍ നിന്നും
അരിയും പൂക്കളുമായി എത്തുന്ന ലോറികളെ കാത്ത്‌...

അരുണ്‍ കരിമുട്ടം said...

നന്നായിട്ടുണ്ട്, ഒരു ഓണം കൂടി വരികയായി

Unknown said...

നന്നായി

Lathika subhash said...

ഇതാ ഇവിടെ തൊടിയിൽ തുമ്പയും ചെത്തിയും മുക്കുറ്റിയും തുമ്പിയെക്കാൾ വേഗം കൈകൊട്ടിപ്പാടുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓണം വരുന്നു.....പൂക്കളോടൊപ്പം മറ്റൊന്നു കൂടി ..........

ബിവറേജസ് കോർപ്പറേഷൻ..


എല്ലാ ആശംസകളും !!!

ശശി..ആശംസകൾ!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചാണകത്തറകളും, തുമ്പപ്പൂക്കളും..ഓര്‍ത്തുപോയി നല്ല കുറേ ഓണക്കാലങ്ങള്‍......


“ചോരചേര്‍ന്ന ചാന്തിന്‍ വരകളെ“ കണ്ടപ്പോള്‍ ഓര്‍ത്തുപോയി നഷ്ടമായിക്കൊണ്ടിരിക്കുന്ന, നഷ്ടപ്പെടാന്‍ പോകുന്ന കുറെ ഓണനാളുകളേ...


വരികള്‍ മനോഹരം..

ശ്രീ said...

നന്നായിട്ടുണ്ട്

രഘുനാഥന്‍ said...

നന്നായിട്ടുണ്ട്...സമകാലീന കേരളത്തിന്‍റെ പരിതസ്ഥിതികളെ ഓണവുമായി ചേര്‍ത്ത് വയ്കുമ്പോള്‍ ഉണ്ടാകാവുന്ന ആശങ്കകളെ കൂടി അവസാന വരികളില്‍ വായിക്കാന്‍ സാധിക്കുന്നു..

ആശംസകള്‍

sarala said...

കൊള്ളാം